കെ. കെ. ഉസ്താദ് ; വിട വാങ്ങിയത് കോടഞ്ചേരിക്കാരുടെ തണല്‍ മരം

കെ. കെ. ഉസ്താദ് ; വിട വാങ്ങിയത് കോടഞ്ചേരിക്കാരുടെ തണല്‍ മരം

മാറഞ്ചേരി: ഒരു ദേശത്തിന് വേണ്ടവോളം അറിവും അനുഭവവും പകര്‍ന്ന് സര്‍വ്വര്‍ക്കും മാര്‍ഗദര്‍ശിയായി, അശരണര്‍ക്ക് അത്താണിയായി, ശിഷ്യര്‍ക്കും അടുപ്പക്കാര്‍ക്കും പിതൃതുല്യനായി ജീവിച്ച എല്ലാവരുടേയും പ്രിയപ്പെട്ട 'വല്യുസ്താദ്' യാത്രയായിരിക്കുന്നു. മലബാറിലെ പ്രമുഖ പണ്ഡിതര്‍ക്കൊപ്പം ഇടപഴകിയ ഒരു തലമുറയുടെ ഗുരുവര്യരായ കെ കെ ഉസ്താദിന്റെ വേര്‍പ്പാടിലൂടെ മാറഞ്ചേരിക്ക് നഷ്ടമായത് മൂന്നര പതിറ്റാണ്ടിന്റെ തണല്‍ മരം.


മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പറപ്പൂര്‍ എന്ന ഗ്രാമത്തില്‍ ഖാളി കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാരുടെ പുത്രന്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും ആയിഷുമ്മ എന്നവരുടെയും മകനായി 1934 ലാണ് കൊളക്കാടന്‍ കുന്നത്ത് മുഹമ്മദ് മുസ്‌ലിയാര്‍ എന്ന കോടഞ്ചേരി കെ കെ ഉസ്താദിന്റെ ജനനം..

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സമസ്ത പ്രസിഡണ്ടായിരുന്ന ശൈഖുനാ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ദര്‍സില്‍ മതപഠനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന വിശ്രുത പണ്ഡിതന്‍ പനങ്ങാട്ടൂര്‍ കുഞ്ഞലവി മുസ്‌ലിയാരില്‍ നിന്ന് ഗഹനമായ വിജ്ഞാനം നേടി. പിന്നീട് അമ്മാവനായ പറപ്പൂര്‍ രായിന്‍ കുട്ടി മുസ്‌ലിയാര്‍, പറപ്പൂര്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും വിദ്യ നേടി. ശേഷം അറിയപ്പെട്ട മുദരിസ് വാളക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരില്‍ നിന്നും വിവിധ വിജ്ഞാന ശാഖകളിലായി ധാരാളം അറിവുകള്‍ കരസ്ഥമാക്കി. ശേഷം ഉത്തരേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായ ദയൂബന്ദ് ദാറുല്‍ ഉലൂം കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ അല്‍ഖാസിമി ബിരുദം കരസ്ഥമാക്കി.

ഉപരിപഠനം കഴിഞ്ഞെത്തിയ മുഹമ്മദ് മുസ്‌ലിയാര്‍ 1962ല്‍ കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത് കടവൂര്‍ ജുമാ മസ്ജിദിലാണ് തന്റെ ആദ്യ ദര്‍സ് ആരംഭിച്ചത്. ഈ സമയം തന്നെ തൊട്ടടുത്ത മങ്ങാട് ജുമാ മസ്ജിദില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് ദര്‍സ് നടത്തുന്നുണ്ടായിരുന്നു. ഇരുവരും ആ കാലഘട്ടത്തില്‍ ഇരു മഹല്ലുകളുടേയും ഉന്നമനങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ബന്ധം തുടരുകയും ചെയ്തു. പിന്നീട് ശൈഖുന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം വളവന്നൂര്‍ ജുമാമസ്ജിദിലും തുടര്‍ന്ന് യത്തീംഖാന ശരീഅത്ത് കോളേജ് പ്രിന്‍സിപ്പലായും സേവനം ചെയ്തു. വിവിധ പള്ളികളും സ്ഥാപനങ്ങളുടേയും ശില്പികളും പ്രചാരകരുമായി ഇക്കാലത്ത് കുണ്ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരടക്കമുള്ള മഹാരഥന്മാരോടൊപ്പം കര്‍മ്മനിരതനായിരുന്നു കെ കെ ഉസ്താദ്. ഇടക്കാലത്ത് ആറാട്ടുപുഴ എ സി പള്ളിയില്‍ ഖത്തീബായും അസ്‌ലമി കോളേജില്‍ പ്രധാന അധ്യാപകനായും സേവനമനുഷ്ടിച്ചു. വെന്നിയൂര്‍ നാഷണല്‍ ഹൈവേയിലുള്ള പള്ളിയിലും കുറച്ചുകാലം സേവനം ചെയ്തു.

വെളിയംകോട് അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ക്കും എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ ശര്‍വാനിക്കും ശേഷം 1987 ലാണ് കെ കെ ഉസ്താദ് മാറഞ്ചേരി കോടഞ്ചേരി പള്ളിയില്‍ ഖത്തീബും മുദരിസുമായി സേവനത്തിനെത്തുന്നത്. നീണ്ട 26 വര്‍ഷത്തോളം ദര്‍സ് നടത്തി ധാരാളം ശിഷ്യന്മാരെ വാര്‍ത്തെടുത്ത ഉസ്താദ് ശാരീരികപ്രയാസം കാരണം ഖത്തീബും ഇമാമുമായി തുടരുകയാണുണ്ടായത്. കോവിഡ് മഹാമാരിയോടെ വീട്ടില്‍ വിശ്രമത്തിലായെങ്കിലും കോടഞ്ചേരിയിലെ നികാഹുകള്‍ക്കും സുപ്രധാന ചടങ്ങുകള്‍ക്കും ഉസ്താദ് നേതൃത്വം നല്‍കിയിരുന്നു.

സംഘടന രംഗത്തും സജീവമായ കെ കെ ഉസ്താദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരൂര്‍ താലൂക്ക്, മലപ്പുറം ജില്ലാ കമ്മിറ്റികളില്‍ മുന്‍നിരയിലും നിലവില്‍ സമസ്ത മലപ്പുറം ജില്ലാ മുശാവറ വൈസ് പ്രസിഡണ്ടായിരുന്നു.

സൂഫിവര്യനും സുപ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്ന കരിങ്കപ്പാറ ഉസ്താദ് തന്റെ മകള്‍ക്ക് ഭര്‍ത്താവായി തെരഞ്ഞെടുത്തത് കെ കെ ഉസ്താദിന്റെ പാണ്ഡിത്യത്തിനുള്ള അംഗീകാരമായിരുന്നു. തെക്കന്‍ കേരളത്തിലെ വിശ്രുത പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലപ്പുഴ പതിയാങ്കര മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന കെ കെ കുഞ്ഞഹമുഹമ്മദ് മുസ്‌ലിയാര്‍ കെ കെ ഉസ്താദിന്റെ ജേഷ്ഠ സഹോദരനാണ്. പരേതനായ മൂസഹാജി അനുജസഹോദരനും 7 പേര്‍ സഹോദരികളുമാണ്. പരേതയായ ഫാത്വിമയാണ് ഭാര്യ. ഏക മകന്‍ അബ്ദുറഷീദിനൊപ്പമായിരുന്നു താമസം. മകള്‍ ഉമ്മു ഹബീബ. മരുമക്കള്‍: മൊയ്തീന്‍ ആട്ടീരി, സെക്കീന


നീണ്ട ആറര പതിറ്റാണ്ട് കാലം മതപ്രബോധന രംഗത്ത് നിസ്തുലനായ ആ കര്‍മയോഗിയുടെ നിസ്വാര്‍ഥമായ സേവനം കഴിഞ്ഞ 37 വര്‍ഷക്കാലമായി കോടഞ്ചേരിയും പരിസരവും അനുഭവിച്ചു കൊണ്ടിരുന്നു. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും ഒരാളെയും നോവിക്കാതെ, ലാളിത്യത്തിന്റെ ആള്‍രൂപമായി, കാരുണ്യത്തിന്റെ പര്യായമായി, സ്‌നേഹ മസൃണമായ പെരുമാറ്റത്തിലൂടെ ഏവരുടേയും മനം കവര്‍ന്ന് വന്ദ്യരായ ഉസ്താദ് റബ്ബിന്റെ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നു...

അതെ, ആ പുഞ്ചിരിയും മാഞ്ഞു.. ആ തണലും നീങ്ങി.. ആ താരകവും അസ്തമിച്ചു..


പണ്ഡിതരുടേയും സാദാത്തുക്കളുടേയും പ്രമുഖ വ്യക്തിത്വങ്ങളുടേയും സാന്നിധ്യത്തില്‍ ഉസ്താദിന് കഴിഞ്ഞയാഴ്ച സ്‌നേഹാദരം നല്‍കാനായതില്‍ നമുക്കാശ്വസിക്കാം..



#360malayalam #360malayalamlive #latestnews

ഒരു ദേശത്തിന് വേണ്ടവോളം അറിവും അനുഭവവും പകര്‍ന്ന് സര്‍വ്വര്‍ക്കും മാര്‍ഗദര്‍ശിയായി, അശരണര്‍ക്ക് അത്താണിയായി, ശിഷ്യര്‍ക്കും അട...    Read More on: http://360malayalam.com/single-post.php?nid=7731
ഒരു ദേശത്തിന് വേണ്ടവോളം അറിവും അനുഭവവും പകര്‍ന്ന് സര്‍വ്വര്‍ക്കും മാര്‍ഗദര്‍ശിയായി, അശരണര്‍ക്ക് അത്താണിയായി, ശിഷ്യര്‍ക്കും അട...    Read More on: http://360malayalam.com/single-post.php?nid=7731
കെ. കെ. ഉസ്താദ് ; വിട വാങ്ങിയത് കോടഞ്ചേരിക്കാരുടെ തണല്‍ മരം ഒരു ദേശത്തിന് വേണ്ടവോളം അറിവും അനുഭവവും പകര്‍ന്ന് സര്‍വ്വര്‍ക്കും മാര്‍ഗദര്‍ശിയായി, അശരണര്‍ക്ക് അത്താണിയായി, ശിഷ്യര്‍ക്കും അടുപ്പക്കാര്‍ക്കും പിതൃതുല്യനായി ജീവിച്ച എല്ലാവരുടേയും പ്രിയപ്പെട്ട 'വല്യുസ്താദ്' യാത്രയായിരിക്കുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്