'കോവിഡ് 19 മൃതദേഹ സംസ്കരണം: പുതിയ മാർഗനിർദേശം തൃപ്തികരമല്ല'- വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ നൽകിയ നിവേദനത്തിന് ശേഷം സംസ്ഥാന ഗവൺമെൻ്റ് വിഷയം പുനപരിശോധിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ടെങ്കിലും പുതുതായി പുറപ്പെടുവിപ്പിച്ച മാർഗനിർദേശം തൃപ്തികരമല്ലെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ അബ്ദുലത്തീഫ് മദനി, ജന:സെക്രട്ടറി ടി.കെ അഷറഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ആശുപത്രി വാസത്തിനു ശേഷം മരണപ്പെടുന്ന രോഗിയുടെ പ്രോട്ടോകോൾ അനുസരിച്ചുള്ള ശുചീകരണമാണ് ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്ന പ്രശ്നം. അതിനുള്ള അവസരം പുതിയ മാർഗനിർദേശത്തിലും ലഭിക്കുന്നില്ല. മരണപ്പെട്ട അതേ അവസ്ഥയിൽ വിസർജ്യങ്ങൾ പോലും വൃത്തിയാക്കാതെയാണ് പലപ്പോഴും മൃതദേഹങ്ങൾ ആശുപത്രിയിൽ ബോഡി ബാഗിലാക്കുന്നത് എന്ന വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതർ ബാഗിലാക്കി തരുന്നത് അതേപ്രകാരം മറവു ചെയ്യണമെന്ന നിർദേശം മൃതദേഹത്തിൻ്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കണമെന്നും മതാചാരങ്ങൾ മാനിക്കണമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണന്നും വിസ്ഡം നേതാക്കൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാൻ ബന്ധുക്കൾക്ക് അനുവാദം ലഭിക്കേണ്ടതുണ്ട്. അതിനാവശ്യമായ പരിശീലനം അവർക്ക് നൽകാവുന്നതേയുള്ളൂ. WHOയുടെ മാർഗനിർദേശത്തിൽ ഇതിന് അനുവാദവും നൽകുന്നുമുണ്ട്. മൃതദേഹം കുളിപ്പിക്കൽ, മുടി വെട്ടി കൊടുക്കൽ, നഖം മുറിക്കൽ എന്നിവ ചെയ്യുമ്പോൾ പി.പി.ഇ കിറ്റ്, ഫെയിസ് ഷീൽഡ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും അവസാനമിറങ്ങിയ മാർഗ നിർദേശങ്ങളിലുള്ളൂ എന്നും പി.എൻ അബ്ദുല്ലത്തീഫ് മദനിയും ടി.കെ.അഷ്റഫും വ്യക്തമാക്കി.കർണാടക സർക്കാരും കുളിപ്പിക്കാൻ അനുവാദം നൽകിയതായി വാർത്ത വന്നിരുന്ന കാര്യവും അവർ കൂട്ടിച്ചേർത്തു.

ഇപ്പോൾ പുറത്ത് വന്ന മാർഗ നിർദേശത്തിൽ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുന്നതിനുള്ള വിലക്ക് നീക്കിയതിലൂടെ ഇതുവരെ നടപ്പാക്കിയ പല തീരുമാനങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമല്ലാതെയുള്ള അനാവശ്യ പ്രോട്ടോകോൾ ആയിരുന്നുവെന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. മൃതദേഹ സംസ്കരണം സങ്കീർണമായ സാങ്കേതിക കുരുക്കിലകപ്പെടാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി പ്രത്യേകം പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇനിയും കൂടുതൽ പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കുളിപ്പിക്കാൻ ലഭിക്കാതെ മറവ് ചെയ്യുന്ന സാഹചര്യം ഇല്ലാതിരിക്കാൻ ഉത്തരവിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും വിസ്ഡം സംസ്ഥാന പ്രസിഡണ്ടും ജന:സെക്രട്ടറിയും ആവശ്യപ്പെട്ടു.

സാധാരണയിൽ കൂടുതൽ ആഴത്തിലുള്ള ഖബറുകൾ വേണമെന്ന നിർദ്ദേശം ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നില്ല. പത്തടി താഴ്ചയിൽ കുഴി എടുക്കണം എന്ന നിർദ്ദേശം ഗവൺമെന്‍റ് ഔദ്യോഗികമായി പുറപ്പെടുവിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. യാതൊരടിസ്ഥാനവുമില്ലാതെ തുടർന്ന് വന്ന അനാവശ്യ കീഴ്‍വഴക്കം മാത്രമാണിത്. ഇത് പുന:പരിശോധിക്കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യത്തോട് പുതിയ മാർഗനിർദേശം മൗനം പാലിച്ചത് ശരിയായില്ലെന്നും വിസ്ഡം പ്രസ്താവിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ നൽകിയ നിവേദനത്തിന് ശേഷം സംസ്ഥാന ഗവൺമെൻ്റ് ...    Read More on: http://360malayalam.com/single-post.php?nid=1937
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ നൽകിയ നിവേദനത്തിന് ശേഷം സംസ്ഥാന ഗവൺമെൻ്റ് ...    Read More on: http://360malayalam.com/single-post.php?nid=1937
'കോവിഡ് 19 മൃതദേഹ സംസ്കരണം: പുതിയ മാർഗനിർദേശം തൃപ്തികരമല്ല'- വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ നൽകിയ നിവേദനത്തിന് ശേഷം സംസ്ഥാന ഗവൺമെൻ്റ് വിഷയം പുനപരിശോധിക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്