ഒരുങ്ങുന്നുണ്ട് നിളാ മ്യൂസിയം

പൊന്നാനി: ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന പൊന്നാനിയിൽ പുഴയ്ക്ക് സമാന്തരമായി ആറ്കിലോമീറ്റർ നീളത്തിൽ ഏറെ ടൂറിസം സാധ്യതകളുള്ള കർമ്മ നിളയോരപാത ഒരുങ്ങുന്നുണ്ട്. ദേശീയപാതയിൽനിന്ന് ഇതിലേക്ക് കയറി അൽപ്പം പോയാൽ പുഴയ്ക്ക് അഭിമുഖമായി നിള മ്യൂസിയമുണ്ടാകും

നിളയുടെ കഥയും നിള പറഞ്ഞ കഥയും നിള ഒഴുക്കിക്കൊണ്ടുവന്ന സാംസ്കാരിക ചിഹ്നങ്ങളും പെറുക്കിയെടുത്ത്, അറബിക്കടലിന്‍റെയും അറബി വ്യാപാരകേന്ദ്രമായിരുന്ന പഴയ തിണ്ടിസ് തുറമുഖത്തിന്‍റെയും (പൊന്നാനി) കഥകളും കാഴ്ചകളും അവിടെ ഒരുങ്ങുന്നുണ്ട്.


സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ആസ്തി വികസനഫണ്ടിൽനിന്ന് 2.6 കോടി രൂപയും സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ബജറ്റ് വിഹിതം 10 കോടി രൂപയും ചേർത്ത് കേരളമാതൃകയിൽ നാലുകെട്ടിന്‍റെ ദൃശ്യചാരുതയോടെ ഇതിനായി പണിത കെട്ടിടസമുച്ചയം ഏതൊരു സഞ്ചാരിയേയും ആകർഷിക്കും.

പാലക്കാട്‌ ജില്ലയിലെ ആനമലയിൽനിന്ന് ഉത്ഭവിച്ച് വിവിധ ദേശങ്ങൾ താണ്ടിയുള്ള നിളയുടെ കുതിപ്പും കിതപ്പും മ്യൂസിയത്തിൽച്ചെന്നാൽ അറിയാനാകും. കാർഷികസംസ്കൃതിയും നാട്ടുത്സവങ്ങളും ജനജീവിതവും അപ്പാടെ ഒപ്പിയെടുക്കുന്നതും വള്ളുവനാട്, പാലക്കാട്, മലബാർ, പൊന്നാനി എന്നിവിടങ്ങളിലെ പെരുമകൾ ഇഴചേർന്ന് നിൽക്കുന്നതുമായ അനുഭവങ്ങൾ ആണ് മ്യൂസിയത്തിൽ ഒരുങ്ങുന്നത്.


പൊന്നാനി കളരിയിലെ പ്രഗത്ഭമതികളായ സാംസ്കാരിക പ്രവർത്തകരായ ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടിക്കൃഷ്ണൻ, കെ.സി.എസ്. പണിക്കർ, ടി.കെ. പദ്മിനി തുടങ്ങിയവരും ബ്രിട്ടീഷുകാർക്കെതിരേ ശബ്ദിച്ച ഉമർഖാസി, മക്തി തങ്ങൾ, കുഞ്ഞാലി മരയ്ക്കാർ, മഖ്ദൂമുമാർ, സ്വാതന്ത്ര്യസമര സേനാനികളും സാമൂഹിക പ്രവർത്തകരുമായിരുന്ന ഇ.എം.എസ്, കെ. കേളപ്പൻ, ഇ. മൊയ്തുമൗലവി, ഇ.കെ. ഇമ്പിച്ചിബാവ, കൃഷ്ണപ്പണിക്കർ അടക്കമുള്ളവരുടെയും ദർശനങ്ങളും ജീവിതവും പുതുതലമുറയ്ക്ക് അനുഭവപ്പെടുത്തുന്ന തരത്തിലാണ് മ്യൂസിയം ക്രമീകരിക്കുന്നത്.

പറയിപെറ്റ പന്തിരുകുലവും ഉപ്പുകൊറ്റനും തിണ്ടിസും മോത്തിലാൽഘട്ടും പൊന്നാനിയുടെ തുറമുഖ സംസ്കാരങ്ങളും പാതാറും കമാൻവളവും പാണ്ടിയാലകളുമെല്ലാം മ്യൂസിയത്തിൽ കാഴ്ചകളാകും.

മ്യൂസിയത്തിന്‍റെ ജോലികൾ അവസാനഘട്ടത്തിലാണ്. ചമ്രവട്ടം മുതൽ അറബിക്കടലിനുസമീപം സംഗമിക്കുന്നതുവരെയുള്ള ഭാരതപ്പുഴയോരത്തുകൂടി കടന്നുപോകുന്ന കർമ റോഡിന് അഭിമുഖമായി നിൽക്കുന്ന നിള മ്യൂസിയം സഞ്ചാരികളെ ആകർഷിക്കുന്ന അനുഭവമാകും.


റിപ്പോർട്ട് : സി. പ്രദീപ്‌കുമാർ

#360malayalam #360malayalamlive #latestnews

പൊന്നാനി: ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന പൊന്നാനിയിൽ പുഴയ്ക്ക് സമാന്തരമായി ആറ്കിലോമീറ്റർ.......    Read More on: http://360malayalam.com/single-post.php?nid=1800
പൊന്നാനി: ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന പൊന്നാനിയിൽ പുഴയ്ക്ക് സമാന്തരമായി ആറ്കിലോമീറ്റർ.......    Read More on: http://360malayalam.com/single-post.php?nid=1800
ഒരുങ്ങുന്നുണ്ട് നിളാ മ്യൂസിയം പൊന്നാനി: ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന പൊന്നാനിയിൽ പുഴയ്ക്ക് സമാന്തരമായി ആറ്കിലോമീറ്റർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്