ഇന്ന് അയ്യങ്കാളി ദിനം: കേരളത്തിന് മറക്കാതിരിക്കാം വില്ലുവണ്ടിയിലെ കുടമണി കിലുക്കം.

കേരളം ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. അത് മാറ്റങ്ങളുടേതും പരിഷ്ക്കരണത്തിന്റെതുമാണ്. കേരളം സാധ്യമാക്കിയ മാറ്റമെന്നത് പൊടുന്നനെ ഉണ്ടായ ഒന്നല്ല. അതിനു പിന്നിൽ തീക്ഷണമായ സമര കഥകളുണ്ട്. തീവ്രമായ പോരാട്ടങ്ങളുണ്ട്. നവോത്ഥാന കേരളമെന്നതിലേക്കുള്ള വഴിയിൽ ഈ നാട് സാധ്യമാക്കിയ ഉൾകരുത്ത് ചോർന്നു പോകേണ്ടതല്ല. വിസ്മരിക്കേണ്ടതുമല്ല. കേരളം മറക്കാതിരിക്കേണ്ട ഒരു യാത്രയുണ്ട്. അത് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയാണ്.


1898ലെ പകല്‍ ബാലരാമപുരത്ത് രാജപാതയില്‍ കിലുങ്ങിയ കുടമണികള്‍ കുടഞ്ഞെറിഞ്ഞത് രാജാധിപത്യത്തിന്റെ നിയമനിഷേധത്തെയായിരുന്നു. സവര്‍ണര്‍മാത്രം സഞ്ചരിച്ച രാജപാതയില്‍ വില്ലുവണ്ടിയില്‍ യാത്രചെയ്ത അയ്യന്‍കാളി എന്ന ചെറുപ്പക്കാരന്‍ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു. തിരുവിതാംകൂറിലെ രാജപാതയില്‍ അടിമകള്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണ് പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.


സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള സമരമായിരുന്നെങ്കിലും അത് നിയമലംഘനസമരമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ബ്രിട്ടീഷ്നിയന്ത്രിത തിരുവിതാംകൂറില്‍ 1865ല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൊതുനിരത്തില്‍ ചക്രം പിടിപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ല്‍ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങള്‍ക്കും നിരുപാധികം ഉപയോഗിക്കാന്‍ അനുമതിനല്‍കി. എന്നാല്‍, രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവകാശം നിയമപരമായി സ്ഥാപിച്ചുകിട്ടുന്നതിനായിരുന്നു അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്ര. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് സമൂഹത്തിനുണ്ടായ പുതിയ അവബോധമാണ് അയ്യന്‍കാളി എന്ന ചെറുപ്പക്കാരനെ പോരാട്ടത്തിന്റെ പാതയിലേക്ക് നയിച്ചത്.


സര്‍ക്കാര്‍ കണക്കനുസരിച്ച് അക്കാലത്ത് തിരുവിതാംകൂറില്‍ 1.67 ലക്ഷം അടിമകള്‍ ഉണ്ടായിരുന്നു. ഇവരെ അയ്യന്‍കാളി സാധുജനങ്ങള്‍ എന്നുവിളിച്ചു. ഇവരില്‍ ഭൂരിപക്ഷവും പുലയ സമുദായാംഗങ്ങളായിരുന്നു. നാട്ടിലെ നിയമം സാധുജനങ്ങള്‍ക്ക് പ്രാപ്യമാക്കാന്‍ വേണ്ടിയാണ് അയ്യങ്കാളി രംഗത്തിറങ്ങിയത്.


അക്കാലത്ത് വില്ലുവച്ച കാളവണ്ടി ഉപയോഗിക്കാന്‍ സവര്‍ണര്‍ക്കുമാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യന്‍കാളി നാഗര്‍കോവിലില്‍നിന്ന് വില്ലുവണ്ടി വിലയ്ക്ക് വാങ്ങി വെങ്ങാനൂരില്‍നിന്ന് ആറാലുംമൂട് ചന്തയിലേക്കും തിരിച്ച് വെങ്ങാനൂരിലേക്കും യാത്രചെയ്തു. ഇതിന്റെ തുടര്‍ച്ചയായി വണ്ടി ഉപേക്ഷിച്ച് രാജപാതയിലൂടെ വെങ്ങാനൂരില്‍നിന്ന് ആറാലുംമൂട് ചന്തയിലേക്ക് പദയാത്ര നടത്തി. ഈ പദയാത്ര ചാലിയത്തെരുവില്‍ ആക്രമിക്കപ്പെട്ടു. രാജാവിന്റെ നെയ്ത്തുകാരായ ചാലിയ സമുദായക്കാര്‍ താമസിച്ച തെരുവിലൂടെയായിരുന്നു പദയാത്ര. രാജാവിനെ ആക്രമിക്കാനാണ് സംഘംചേര്‍ന്ന് വരുന്നതെന്ന് ചാലിയ സമുദായത്തിനിടയില്‍ കുപ്രചാരണം നടത്തിയതിനെത്തുടര്‍ന്നാണ് ആക്രമിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് ബാലരാമപുരം, വെങ്ങാനൂര്‍ മേഖലയില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളുണ്ടായി. അയിത്തജാതിക്കാരുടെ താമസ സ്ഥലങ്ങള്‍ സവര്‍ണര്‍ ആക്രമിച്ചു. തിരിച്ച് സവര്‍ണര്‍ക്കുനേരെയും ആക്രമണങ്ങള്‍ നടന്നു. ജാതിവിവേചനത്തിനെതിരെ കേരളത്തില്‍ നടന്ന അതിശക്തമായ സമരങ്ങളിലൊന്നായി വില്ലുവണ്ടി സമരം  അടയാളപ്പെട്ടു.


കുടമണി കുലുക്കി സവർണ്ണരെ ഞെട്ടിച്ച ആ വില്ലുവണ്ടി അങ്ങനെ ചരിത്രത്തിലവേക്ക് ഓടി കയറുകയായിരുന്നു.

അയ്യങ്കാളിയുടെ കൊടുംങ്കാറ്റിളക്കിവിട്ട വില്ലുവണ്ടിയാത്രയ്ക്കും അയിത്ത ജാതിക്കാർ പ്രവേശിക്കുന്നതിന് സവർണജാതിക്കാർ വിലക്കേർപ്പെടുത്തിയിരുന്ന പൊതുവഴികളിൽക്കൂടി സഞ്ചരിക്കുന്നതിനും യഥാർത്ഥത്തിൽ നിയമത്തിന്റെ പിൻബലമുണ്ടായിരുന്നു. അയ്യങ്കാളിക്ക് രണ്ട്‌വയസുള്ളപ്പോഴാണ് 1865 ൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് നിയന്ത്രിത ഭരണകൂടം എല്ലാവിഭാഗം ജനങ്ങൾക്കും എല്ലാ പൊതുവഴികളിലൂടെയും ചക്രംവച്ച വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകി ഉത്തരവാകുന്നത്. അദ്ദേഹത്തിന് ഏഴ് വയസുള്ളപ്പോഴാണ്-1870 ൽ-പൊതുവഴികൾ നിരുപാധികമായി ഉപയോഗിക്കാൻ എല്ലാ വിഭാഗം ജനങ്ങളേയും അനുവദിച്ച് ഉത്തരവിറക്കുന്നത്. അതായത് അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്ര നിയമത്തിന്റെ പിൻബലമുള്ള പോരാട്ടമായിരുന്നു.

എഴുത്ത്: കെ.വി നദീർ

#360malayalam #360malayalamlive #latestnews

കേരളം ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. അത് മാറ്റങ്ങളുടേതും പരിഷ്ക്കരണത്തിന്റെതുമാണ്. കേരളം സാധ്യമാക്കിയ മാറ്റമെന്...    Read More on: http://360malayalam.com/single-post.php?nid=717
കേരളം ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. അത് മാറ്റങ്ങളുടേതും പരിഷ്ക്കരണത്തിന്റെതുമാണ്. കേരളം സാധ്യമാക്കിയ മാറ്റമെന്...    Read More on: http://360malayalam.com/single-post.php?nid=717
ഇന്ന് അയ്യങ്കാളി ദിനം: കേരളത്തിന് മറക്കാതിരിക്കാം വില്ലുവണ്ടിയിലെ കുടമണി കിലുക്കം. കേരളം ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. അത് മാറ്റങ്ങളുടേതും പരിഷ്ക്കരണത്തിന്റെതുമാണ്. കേരളം സാധ്യമാക്കിയ മാറ്റമെന്നത് പൊടുന്നനെ ഉണ്ടായ ഒന്നല്ല. അതിനു പിന്നിൽ തീക്ഷണമായ സമര കഥകളുണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്