തീപിടിത്തത്തിന് രാഷ്ട്രീയമാനം; അസാധാരണ സംഭവങ്ങളാൽ ശ്രദ്ധേയമായി സെക്രട്ടേറിയറ്റ്

തിരുവനന്തപുരം • അസാധാരണ സംഭവങ്ങളാണു തീപിടിത്തത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിലുണ്ടായത്. തീപിടിത്തം രാഷ്ട്രീയ വിവാദമാകുകയും സെക്രട്ടേറിയറ്റിനുള്ളിലേക്കു രാഷ്ട്രീയ പ്രവർത്തകർ എത്തുകയും ചെയ്തതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി എല്ലാവരോടും പുറത്തേക്കു പോകാൻ നിർദേശിച്ചു. പ്രതിഷേധിച്ച ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

വൈകിട്ട് 4.45ഓടെ സെക്രട്ടേറിയറ്റിൽനിന്ന് പുക ഉയർന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്നിശമനസേനയെയും പൊലീസിനെയും വിവരം അറിയിച്ചത്. തൊട്ടരികിലുള്ള കന്റോണ്‍മെന്റ് സ്റ്റേഷനിൽനിന്നും പൊലീസ് പാഞ്ഞെത്തി. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള പൊതുഭരണ വകുപ്പിന്‍റെ പൊളിറ്റിക്കൽ വിഭാഗം ഓഫിസിലാണ് തീപിടിച്ചതെന്ന വിവരം പുറത്തുവന്നതോടെ അതിനു രാഷ്ട്രീയമാനം കൈവന്നു. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കുന്ന പ്രോട്ടോക്കോൾ വിഭാഗം ഉൾപ്പെടുന്ന സ്ഥലത്തു തീപിടിച്ചതിനു പിന്നിൽ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി.

ഫയർഫോഴ്സ് എത്തുമ്പോൾ ജീവനക്കാരും സെക്രട്ടേറിയറ്റ് സുരക്ഷാ ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഫയലുകളിരുന്ന അലമാരകളിൽ തീപിടിച്ചിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം ഫയലുകൾ അലമാരയ്ക്കുള്ളിൽനിന്ന് പുറത്തെടുത്തു. ചില ഫയലുകൾ പൂർണമായും ചിലതു ഭാഗികമായും കത്തിനശിച്ചു. ടൂറിസം വകുപ്പിനു കീഴിലെ ഗസ്റ്റ് ഹൗസുകളിലെ മുറികൾ ബുക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കുന്നിടത്താണ് തീപിടിച്ചതെന്ന അധികൃതരുടെ വിശദീകരണത്തിൽ തൃപ്തരാകാതെ കോൺഗ്രസ്, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനും വി.വി.രാജേഷും സ്ഥലത്തെത്തിയതോടെ തിക്കും തിരക്കുമായി. 5.55ന് പൊലീസ് ബസ് കൻറോൺമെന്‍റ് ഗേറ്റിലെത്തി ബിജെപി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം ആരംഭിച്ചു. ബിജെപി പ്രവർത്തകർ പ്രതിരോധിച്ചതോടെ ഉന്തും തള്ളുമായി. ‘ഫയൽകത്തിച്ചവരെ പിടിക്കണമെന്നും സ്വർണക്കടത്തുകാരെ പിടിക്കണമെന്നും’ ബിജെപി പ്രവർത്തകർ ആക്രോശിച്ചു.

കോൺഫറൻസ് ഹാളിൽ മീറ്റിങിൽ പങ്കെടുക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായ വിവരം ചീഫ് സെക്രട്ടറി അറിയുന്നത്. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചീഫ് സെക്രട്ടറി ആരാഞ്ഞപ്പോൾ തീപിടുത്തം നിയന്ത്രണ വിധേയമാണെന്ന അറിയിപ്പാണ് ജീവനക്കാരിൽനിന്ന് ഉണ്ടായത്. പിന്നീടാണ് ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിലെത്തിയതും അറസ്റ്റു ചെയ്യാൻ പൊലീസെത്തിയതും ചീഫ് സെക്രട്ടറി അറിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസും വിവരങ്ങൾ ആരാഞ്ഞു. തുടർന്നാണ് സ്ഥലത്തേക്കു പോകാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്.

വി.വി.രാജേഷ് അടക്കമുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടുപോയശേഷം കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽനിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനടയിലാണ് ചീഫ് സെക്രട്ടറി കൻറോൺമെൻറ് ഗേറ്റിനടുത്തെത്തിയത്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസും സ്ഥലത്തെത്തി. ബിജെപി പ്രവർത്തകരെ എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്നു വ്യക്തമാക്കണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും പുറത്തുപോകാൻ നേതാക്കളോടും മാധ്യമപ്രവർത്തകരോടും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. പിന്നീട് കൻറോൺമെൻറ് ഗേറ്റിനു പുറത്ത് ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കണ്ടു.

മര്യാദ പാലിക്കണമെന്നും സെക്രട്ടേറിയറ്റിന് അകത്തു എല്ലാപേരും കയറിയാൽ ശരിയാകില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നാളെ തൻറെ ഓഫിസിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും ആളുകൾ തള്ളിക്കയറുന്ന സാഹചര്യം ഉണ്ടാകും. അതു അനുവദിക്കാനാകില്ല. അക്ഷേപങ്ങൾ നിഷ്പക്ഷമായി അന്വേഷിക്കും. ഒന്നും മറച്ചുവയ്ക്കാനില്ല. സ്ഥലത്തുപോയി അന്വേഷിച്ചശേഷം എന്താണു സംഭവിച്ചതെന്നു മാധ്യമങ്ങളെ അറിയിക്കും. രാഷ്ട്രീയ പ്രസംഗം സെക്രട്ടേറിയറ്റിനുള്ളിൽ അനുവദിക്കാൻ കഴിയില്ല. ജോലി ചെയ്യാൻ അനുവദിക്കണമെന്നും എന്താണ് സംഭവിച്ചതെന്നു നോക്കട്ടെയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

പിന്നാലേ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. സെക്രട്ടേറിയറ്റിനു അകത്തേക്ക് കടത്തിവിടണമെന്ന് സ്ഥലം എംഎൽഎ വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തീപിടുത്തത്തിൽ ദുരൂഹതയുള്ളതിനാലാണ് ആരെയും അകത്തേക്കു പ്രവേശിപ്പിക്കാത്തതെന്ന് വി.എസ്.ശിവകുമാർ ആരോപിച്ചു. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും അകത്തേക്കു പോകാൻ അനുവാദം ലഭിക്കാത്തതിനെത്തുടർന്ന് ശിവകുമാറും, വി.ടി.ബൽറാമും അടക്കമുള്ള നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റിനു പുറത്ത് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിലെ ഫയൽ തീവച്ചിരിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം • അസാധാരണ സംഭവങ്ങളാണു തീപിടിത്തത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിലുണ്ടായത്. തീപിടിത്തം രാഷ്ട്രീയ വിവാദമാകുകയും സെ...    Read More on: http://360malayalam.com/single-post.php?nid=669
തിരുവനന്തപുരം • അസാധാരണ സംഭവങ്ങളാണു തീപിടിത്തത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിലുണ്ടായത്. തീപിടിത്തം രാഷ്ട്രീയ വിവാദമാകുകയും സെ...    Read More on: http://360malayalam.com/single-post.php?nid=669
തീപിടിത്തത്തിന് രാഷ്ട്രീയമാനം; അസാധാരണ സംഭവങ്ങളാൽ ശ്രദ്ധേയമായി സെക്രട്ടേറിയറ്റ് തിരുവനന്തപുരം • അസാധാരണ സംഭവങ്ങളാണു തീപിടിത്തത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിലുണ്ടായത്. തീപിടിത്തം രാഷ്ട്രീയ വിവാദമാകുകയും സെക്രട്ടേറിയറ്റിനുള്ളിലേക്കു രാഷ്ട്രീയ പ്രവർത്തകർ എത്തുകയും ചെയ്തതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി എല്ലാവരോടും പുറത്തേക്കു പോകാൻ നിർദേശിച്ചു. പ്രതിഷേധിച്ച ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്