കേന്ദ്ര ഏജൻസിയുടേത് നീതിയില്ലാത്ത അന്വേഷണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽ സ്വർണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8-ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിർണയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. എന്നാൽ, പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരൻ ചില പ്രതികൾക്ക് കമ്മീഷൻ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി. അന്വേഷണം വഴിതിരിഞ്ഞു. യു.എ.ഇ. റെഡ്ക്രസന്റ് പണം മുടക്കിയ പദ്ധതിയായിരുന്നു ഇത്. 140 വീടുകളും ഒരു വനിത-ശിശു ആശുപത്രിയും അവരുടെ ഫണ്ട് ഉപയോഗിച്ച് അവർ നിശ്ചയിക്കുന്ന കരാറുകാരൻ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ഭവനരഹിതർക്ക് വീട് നൽകുന്ന ലൈഫ് മിഷന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 


എന്താണോ കണ്ടെത്തേണ്ടത്, അതിൽനിന്ന് മാറി സർക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജൻസികൾക്കുണ്ട്. എന്നാൽ, അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷൻ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ ഇ.ഡി. ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധികൾ പോലും ലംഘിച്ചാണ് മുഴുവൻ രേഖകളും ചോദിച്ച് സമൻസ് നൽകിയത്. ഇതിന് പുറമെ, കേരള സർക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോൺ, ഇലക്ട്രിക് വെഹിക്കിൾ എന്നിവ സംബന്ധിച്ച് മുഴുവൻ രേഖകളും ഇ.ഡി. ആവശ്യപ്പട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചു മാസം കഴിഞ്ഞിട്ടും സ്വർണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരേയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പിടികൂടുന്നതിനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്തം നിർവഹിക്കാതെ, സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത...    Read More on: http://360malayalam.com/single-post.php?nid=3072
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത...    Read More on: http://360malayalam.com/single-post.php?nid=3072
കേന്ദ്ര ഏജൻസിയുടേത് നീതിയില്ലാത്ത അന്വേഷണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽ സ്വർണം കള്ളക്കടത്തു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്