കോൺഗ്രസിൽ കലാപക്കൊടി; നേതൃത്വം മാറണമെന്ന് ആവശ്യം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കലാപക്കൊടി. വൻ പരാജയത്തിന് പിന്നാലെ നേതാക്കൾ പരസ്‌പരം ചെളിവാരിയെറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. നേതാക്കളുടെ വിമർശനത്തിന് മറുപടി പറയുക കെ പി സി സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും അത്ര എളുപ്പമാകില്ല. നേതൃത്വം മാറണമെന്നും നേതാക്കൾ അടക്കം പറയുന്നുണ്ട്. നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സുധാകരനും കെ മുരളീധരനും അടൂർപ്രകാശും ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. ന്യൂനപക്ഷ വോട്ട് യു ഡി എഫിൽ നിന്ന് അകന്നുവെന്നായിരുന്നു പി ജെ കുര്യന്റെ ആരോപണം. കേഡർ പാർട്ടിയല്ലെങ്കിലും താഴെത്തട്ടിൽ ശക്തമായ കമ്മിറ്റികൾ ഉളള കാലം കോൺഗ്രസിന് ഉണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവർത്തനം ശരിയായ രീതിയിൽ അല്ലാത്തതിന് കാരണം ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വയ്‌പ്പാണ് എന്നായിരുന്നു കുര്യന്റെ ആരോപണം. സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പാർട്ടി പണം നൽകിയില്ല. പക്ഷെ സ്ഥാനാർത്ഥിത്വത്തിന് പണം വാങ്ങുന്ന സാഹചര്യമുണ്ടായി. സർക്കാരിനെതിരെയുളള അരോപണങ്ങൾ എല്ലാം ഉദ്യോഗസ്ഥർക്കെതിരെയാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ നേർക്കുളള ആരോപണങ്ങൾ തെളിയുന്നത് വരെ ജനം ഇതൊനും വിശ്വസിക്കല്ല. അനുകൂലമായ സാഹചര്യങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.


കെ പി സി സി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ എന്ത് സംഭാവന ചെയ്‌തുവെന്ന് പരിശോധിക്കണമെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനം. കോൺ​ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായുളള ബന്ധം അറ്റുവെന്നും വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന പ്രവ‌‌ർത്തിച്ചാൽ പോരെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. വെൽഫെയ‌ർ പാർട്ടിയുമായുളള ബന്ധത്തെക്കുറിച്ച് വിനാശകാലേ വിപരീത ബുദ്ധിയെന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി. മുല്ലപ്പളളി രാമചന്ദ്രനെതിരെ വെൽഫയർ പാർട്ടി നേതൃത്വം രം​ഗത്ത് വന്നതും ശ്രദ്ധേയമാണ്. വെൽഫയർ പാർട്ടി - യു ഡി എഫ് നീക്കുപോക്ക് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്‌താവനകൾ മുല്ലപ്പളളി നടത്തിയെന്നാണ് ആരോപണം. നേതാക്കൾ അറിയാതെ അല്ല നീക്കുപോക്ക് ഉണ്ടായത്. തിരിച്ചടി ഉണ്ടായത് കോൺഗ്രസിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും വെൽഫയർ പാർട്ടി ആരോപിച്ചു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മാത്രം കോൺഗ്രസിനെ രക്ഷിക്കാനാകില്ലെന്ന് കൃത്യമായി അറിയാവുന്നത് മറ്റാരെക്കാളും കോൺഗ്രസുകാർക്ക് തന്നെയാണ്. എന്നാൽ അതിനുളള പ്രതിവിധി കോൺഗ്രസുകാർ നടത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. വാർത്താ സമ്മേളനങ്ങൾ കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ല, അതിന് കളത്തിലിറങ്ങണമെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നൽകുന്ന പാഠം.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംയുക്ത വാർത്താ സമ്മേളനം വിളിച്ച് കൂട്ടി കോൺഗ്രസ് നേതാക്കൾ കാട്ടിയ ഒത്തൊരുമ അതിന് മുമ്പ് കാണാനേയുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മത്സരിച്ചായിരുന്നു വാർത്താസമ്മേളനങ്ങൾ. ഒരേ സമയത്ത് പല സ്ഥലങ്ങളിൽ. സർക്കാരിനെതിരെ യോജിച്ച് പോർമുഖം തുറക്കുന്നതിന് പകരം പരസ്‌പരം മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ജനം അതൊന്നും കാര്യമാക്കിയുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി ചെറുതാക്കാൻ കോൺഗ്രസ് നേതൃത്വത്തിനാകില്ല. പുതുപ്പളളി എം എൽ എ എന്ന നിലയിൽ അമ്പത് വർഷം പിന്നിട്ടതിന്റെ ആഘോഷം ഓർമ്മയിൽ നിന്ന് മറയുന്നതിന് മുമ്പ് പുതുപ്പളളി പഞ്ചായത്തിൽ കോൺഗ്രസ് തോറ്റു. ആ നിയോജക മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും തോറ്റു. രമേശ് ചെന്നിത്തല വോട്ട് ചെയ്ത വാർഡിലും തോറ്റു. മുല്ലപ്പള്ളിയുടെ വാർഡിലും ബ്ലോക്കിലും തോറ്റു. പാലാ നഗരസഭയിൽ ആദ്യമായി തോറ്റു. തട്ടകമായി കൊണ്ടു നടന്ന കൊച്ചി കോർപ്പറേഷൻ കൈവിട്ടു പോയി. സ്ഥാനാർത്ഥിയുടെ പേരിൽ കെ പി സി സി പ്രസിഡന്റും കെ മുരളീധരൻ എം പിയും പരസ്യമായി പോരടിച്ച വടകരയിലെ കല്ലാമലയിലും തോറ്റു.

എ ഐ സി സിയുടെ എതിർപ്പിനെ പോലും മറികടന്നുണ്ടാക്കിയ വെൽഫയർ പാർട്ടി ധാരണയിൽ കോൺഗ്രസിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. വെൽഫെയർ പാർട്ടിക്ക് ഗുണമുണ്ടാകുകയും ചെയ്തു. അമിത ആത്മവിശ്വാസവും ജോസ് കെ മാണിയെ ഇറക്കി വിട്ടതും, വർഗീയ ശക്തികൾക്കെതിരെ മൃദു സമീപനം സ്വീകരിച്ചതും പളളിതർക്കത്തിൽ നിലപാട് സ്വീകരിക്കാതിരുന്നതുമെല്ലാം തോൽവിക്ക് കാരണമായിട്ടുണ്ട്. ആ പോരായ്‌മകൾക്കൊപ്പം പാർട്ടി പോര് കൂടിയായാൽ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പരീക്ഷണം ഇതിലും കടക്കും.


എൽ ഡി എഫിന്റെ വിജയത്തിന് ഒരു കാരണം അവർ നിരവധി ചെറുപ്പക്കാരെ രംഗത്തിറക്കിയെന്നതാണ്. ഇത് പറയുന്നത് കോൺഗ്രസിലെ ചെറുപ്പക്കാരും രണ്ടും മൂന്നും നിര നേതാക്കളുമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയം ഡി സി സി പ്രസിഡന്റിനും തിരുവനന്തപുരത്ത് നിന്നുളള മുൻമന്ത്രിക്കും എതിരെ ആയുധമാക്കാൻ കച്ചമുറുക്കുന്നവർ കുറവല്ല. കൊല്ലം കോർപ്പറേഷനിൽ എൻ ഡി എയെക്കാൾ സീറ്റ് കുറഞ്ഞതിനും കൊച്ചിയിലെ പരാജയത്തിനും ഡി സി സി പ്രസിഡന്റുമാരേയും പ്രദേശത്തെ മുതിർന്ന നേതാക്കളേയും ലക്ഷ്യമിട്ട് പ്രസ്‌താവനകളും പ്രതിഷേധങ്ങളും തുടങ്ങി കഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അപ്രമാദിത്വത്തിനെതിരെ ഈ പരാജയം ആയുധമാക്കണമെന്ന് ആവശ്യപ്പെട്ട് ചില എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാണ് കോൺഗ്രസിനെ നയിച്ചത്. അദ്ദേഹമാണ് തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞത്. അതുകൊണ്ട് തന്നെ ഈ പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നാണ് എ ഗ്രൂപ്പിലെ നേതാക്കളുടെ നിലപാട്. വരും ദിവസങ്ങളിൽ ഈ നിലപാടിനും ഇതുയർത്തിയുളള കടന്നാക്രമണത്തിനും ശക്തി കൂടും. ഒളിഞ്ഞും തെളിഞ്ഞുമുളള പ്രസ്‌താവനകൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊപ്പം പോസ്റ്റർ യുദ്ധം മുതൽ എ ഐ സി സിക്കുള്ള പരാതി പ്രവാഹം വരെയുണ്ടാകും. പരാജയം വിലയിരുത്തി നടപടി സ്വീകരിക്കുമെന്ന പതിവ് പല്ലവി കൊണ്ട് മാത്രം ഒരുപക്ഷെ ഇത്തവണ നേതൃത്വത്തിന് തലയൂരാനാകില്ല.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കലാപക്കൊടി. വൻ പരാജയത്തിന് പിന്നാലെ നേതാക്കൾ പരസ്‌പരം ചെളിവാരിയെറ...    Read More on: http://360malayalam.com/single-post.php?nid=3060
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കലാപക്കൊടി. വൻ പരാജയത്തിന് പിന്നാലെ നേതാക്കൾ പരസ്‌പരം ചെളിവാരിയെറ...    Read More on: http://360malayalam.com/single-post.php?nid=3060
കോൺഗ്രസിൽ കലാപക്കൊടി; നേതൃത്വം മാറണമെന്ന് ആവശ്യം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കലാപക്കൊടി. വൻ പരാജയത്തിന് പിന്നാലെ നേതാക്കൾ പരസ്‌പരം ചെളിവാരിയെറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. നേതാക്കളുടെ വിമർശനത്തിന് മറുപടി പറയുക കെ പി സി സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്