‘ഹിറ്റ്‌ലിസ്റ്റി’ല്‍ യുഡിഎഫ് നേതാക്കള്‍; വട്ടമിട്ട് വിജിലന്‍സും ക്രൈംബ്രാഞ്ചും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിക്കല്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ പ്രതിരോധിക്കുന്നതു മുൻനിർത്തി യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ചില നേതാക്കളുടെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിക്കാനാണ് അന്വേഷണ സംഘത്തിനു നല്‍കിയ നിര്‍ദേശം.


ഇതിനൊപ്പം ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തിനെ സമ്മര്‍ദത്തിലാക്കി നിയമസഭയുടെ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടിസ് നല്‍കിയതിലൂടെ കേന്ദ്രത്തിനും ശക്തമായ സന്ദേശം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തും ബിനീഷ് വിഷയവും പ്രചാരണായുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ ഞെട്ടിക്കാന്‍ സോളര്‍, ബാര്‍കോഴക്കേസുകള്‍ ആയുധമാക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങളാണ് സജീവമാക്കിയത്.


സോളർ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച്, മുന്‍ മന്ത്രി എ.പി.അനില്‍കുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. പരാതിക്കാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നീക്കം കോടതി തടഞ്ഞതിനെത്തുടര്‍ന്ന് മറ്റു മാര്‍ഗങ്ങള്‍ തേടിയെങ്കിലും വിജയിച്ചിരുന്നില്ല. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും തെളിവില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുപോയില്ല. തുടര്‍ന്നാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സോളര്‍ കേസ് സജീവമാക്കി നിര്‍ത്താനാണ് നീക്കം.


ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എംഎല്‍എ, കെ.ബാബു എന്നിവര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.


പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് വിജിലന്‍സ്.


സ്ഥലമിടപാടുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം കൈമാറിയെന്ന ആരോപണത്തില്‍ പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എം.സി.കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതുവരെ 115 കേസുകളാണ് ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.





Credit manoramaonline

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിക്കല്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ പ്ര...    Read More on: http://360malayalam.com/single-post.php?nid=2273
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിക്കല്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ പ്ര...    Read More on: http://360malayalam.com/single-post.php?nid=2273
‘ഹിറ്റ്‌ലിസ്റ്റി’ല്‍ യുഡിഎഫ് നേതാക്കള്‍; വട്ടമിട്ട് വിജിലന്‍സും ക്രൈംബ്രാഞ്ചും തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിക്കല്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ പ്രതിരോധിക്കുന്നതു മുൻനിർത്തി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്