സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഹാഥ്‌റസില്‍ ചോദ്യവുമായി ഹൈക്കോടതി

ലഖ്നൗ: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പോലീസ് സംസ്കരിച്ചത് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി. ഹാഥ്റസ് കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പെൺകുട്ടി ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കിൽ ജില്ലാ ഭരണകൂടവും പോലീസും ഇതേമാർഗമാകുമോ അവലംബിക്കുക എന്ന് കോടതി ആരാഞ്ഞു. പ്രദേശത്തെ ക്രമസമാധാന പ്രശ്നം പരിഗണിച്ചാണ് പെൺകുട്ടിയുടെ മൃതദേഹം അന്നുതന്നെ സംസ്കരിച്ചതെന്ന് ജില്ലാ ഭരണകൂടവും പോലീസും അവകാശപ്പെട്ടിരുന്നു.

'പെൺകുട്ടി ഒരു സമ്പന്ന കുടുംബാംഗമാണെങ്കിൽ എന്തുചെയ്യും? ശവസംസ്കാരം ഇതേ രീതിയിൽ തന്നെയാണോ നിങ്ങൾ നടത്തുക?' കോടതി ജില്ലാ മജിസ്ട്രേറ്റിനോട് ചോദിച്ചു. മൃതദേഹം പുലർച്ചെ സംസ്കരിച്ചതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ഏറ്റെടുത്തു.

സംസ്ഥാനഭരണകൂടത്തിന്റെ ഇടപെടൽ നടന്നതായി ആരോപണം ഉയർന്നതിനാൽ ഒക്ടോബർ ഒന്നിന് ഹാഥ്റസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുമ്പോൾ തന്നെ വിഷയം അതീവഗൗരവമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടേയും മാനുഷികവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞു.

കുടുംബാംഗങ്ങളെ വീട്ടിൽ പൂട്ടിയിടുകയും മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കാതിരിക്കുകയും ചെയ്ത പോലീസ് നടപടിയെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. വിശ്വാസ പ്രകാരം രാത്രി സംസ്കാരം പാടില്ലെന്ന് അറിയിച്ച കുടുംബാംഗങ്ങൾ പോലീസ് നീക്കത്തെ എതിർത്തിരുന്നു. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല.

സുപ്രീംകോടതിയുടെ 1995-ലെ ഉത്തരവ് പരാമർശിച്ച കോടതി ഭരണഘടന അനുച്ഛേദം 21 പ്രകാരം ജീവിക്കാനുളള അവകാശത്തിനൊപ്പം തന്നെ അന്തസ്സോടെയിരിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. മൃതദേഹത്തോട് ആദരവോടെ പെരുമാറണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു.

ഹാഥ്റസ് സംഭവത്തിൽ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ?, പോലീസ് ഹിന്ദുആചാരങ്ങൾ പാലിച്ചിട്ടുണ്ടോ?, നിയമലംഘനം നടന്നിട്ടുണ്ടോ തുടങ്ങി മൂന്നുകാര്യങ്ങളാണ് കോടതി പരിശോധിക്കുന്നത്. കേസ് കോടതി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. യു.പി.അഡീഷണൽ ചീഫ് സെക്രട്ടറി, ഡി.ജി.പി., ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി., എ.ഡി.ജി.പി. എന്നിവർക്ക് ഹൈക്കോടതി സമൻസ് അയച്ചിരുന്നു.

#360malayalam #360malayalamlive #latestnews

ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പോലീസ്.......    Read More on: http://360malayalam.com/single-post.php?nid=1693
ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പോലീസ്.......    Read More on: http://360malayalam.com/single-post.php?nid=1693
സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? ഹാഥ്‌റസില്‍ ചോദ്യവുമായി ഹൈക്കോടതി ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പോലീസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്