എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; മലപ്പുറം ജില്ലയില്‍ പരീക്ഷ എഴുതുന്നത് 78219 വിദ്യാര്‍ഥികള്‍

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. 78219 വിദ്യാര്‍ഥികളാണ് മലപ്പുറം  ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ജില്ലയില്‍ 297 കേന്ദ്രങ്ങളിലായാണ് പരീക്ഷ. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നലെ (മാര്‍ച്ച് 30) ആരംഭിച്ചു. 77817 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളും പരീക്ഷയെഴുതി.

തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളിലായി 15666 വിദ്യാര്‍ഥികളും  മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളിലായി 27485 കുട്ടികളും ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും.  വണ്ടൂര്‍ ഉപജില്ലയില്‍ 15813 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിനായി 61 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരൂരങ്ങാടി ഉപജില്ലയില്‍ 64 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലായി 19255 വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നുണ്ട്. മലയാളം ഭാഷാ വിഷയത്തിലാണ് ആദ്യപരീക്ഷ. രാവിലെ 9.30 മുതല്‍ 12.30 വരെ വരെയാണ് പരീക്ഷാ സമയം. 15 മിനുട്ട് കൂളിങ് ടൈം അനുവദിക്കും. ഇന്ന് (മാര്‍ച്ച് 31) മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷാ ക്രമീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ വിദ്യാര്‍ഥികളെയും പരീക്ഷയ്ക്കിരുത്തുമെന്ന് ജില്ലാവിഭ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം പറഞ്ഞു. പരീക്ഷ നടത്തിപ്പിനായി സിക്ക് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.

പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന പേടിയും ഉത്കണ്ഠയും ഒഴിവാക്കുന്നതിനായി വനിതാശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

മാതാപിതാക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍

• നിങ്ങളുടെ കുട്ടികളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ചു നോക്കുക. കുട്ടിയുടെ കഴിവിനും ഭാവിക്കും ചേര്‍ന്നുള്ള പ്രതീക്ഷകളാണോ കുട്ടികളോട് പങ്കുവെച്ചിരിക്കുന്നത് എന്ന് ഉറപ്പു വരുത്തണം.
• എല്ലാ കുട്ടികള്‍ക്കും ഒന്നാമതാകുവാനോ റാങ്ക് വാങ്ങാനോ സാധിക്കില്ല. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മ വിശ്വാസത്തില്‍ വിള്ളലുണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെയും അങ്ങനെ പരീക്ഷയിലുള്ള അവരുടെ പ്രകടനത്തെയും ബാധിക്കും.
• പരീക്ഷയ്ക്കു മുന്‍പ് തന്നെ കുട്ടിയോട് നിന്റെ പരമാവധി നീ ശ്രമിച്ചിട്ടുണ്ട് എന്തുതന്നെയായാലും 'ഞങ്ങളുണ്ട് കൂടെ' എന്ന മാതാപിതാക്കളുടെ ഉറപ്പ് കുട്ടികളില്‍ താന്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ ഉണ്ടാക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യും.
• മാതാപിതാക്കളുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലും പൂര്‍ണ പിന്തുണയുമാണ് കുട്ടികളുടെ വിജയത്തിലേക്കുള്ള ചവിട്ടുപടി. കുട്ടികള്‍ക്ക് ഏതുസമയത്തും സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുവെക്കാമെന്ന തരത്തിലുള്ള സമീപനം അനാരോഗ്യകരമായ ടെന്‍ഷന്‍ കുറയ്ക്കുന്നതിന് സഹായിക്കും.
• പരീക്ഷാ ദിവസങ്ങളില്‍ മതിയായ ഉറക്കവും പോഷകാഹാരങ്ങളും ധാരാളം വെള്ളവും കുട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുടുംബാംഗങ്ങളുടെ പിന്തുണയും സമാധാനപൂര്‍ണമായ അന്തരീക്ഷവും കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്വമാണ്.

വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

പരീക്ഷത്തലേന്ന്


• പേനകള്‍, ഹാള്‍ ടിക്കറ്റ്, ഒന്നില്‍ കൂടുതല്‍ പെന്‍സില്‍, ഇന്‍സ്ട്രുമെന്റ്    ബോക്‌സ്, റബര്‍ എന്നിവ തലേന്ന് തന്നെ ഒരുക്കിവെക്കാം.
• ഒരു പരീക്ഷയും ജീവിതത്തിന്റെ അവസാനമല്ല, പരീക്ഷയെക്കുറിച്ച് കൂടുതല്‍ ഓര്‍ത്ത് ഉത്കണ്ഠപ്പെടേണ്ടതില്ല. ഓരോ പരീക്ഷയ്ക്കു ശേഷവും അതിനെപ്പറ്റി ആലോചിച്ച് സമയം കളയാതെ അടുത്ത പരീക്ഷയ്ക്കായി തയ്യാറെടുക്കണം.
• പരീക്ഷക്കു മുമ്പ് പാഠഭാഗങ്ങളെല്ലാം പഠിച്ചു തീര്‍ക്കാന്‍ സാധിക്കും. അതിന് റിവിഷനുള്ള നല്ലൊരു ടൈംടേബിള്‍ ഉണ്ടാക്കുകയും അതനുസരിച്ച് ശ്രദ്ധയോടെ പഠിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
• ഏതെങ്കിലും പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതോര്‍ത്ത് വിഷമിക്കാതെ കഴിയുന്നത്ര ശ്രദ്ധയോടെ പഠിക്കണം.
• മനസിലാകാത്ത പാഠഭാഗങ്ങള്‍ക്കായി കൂടുതല്‍ സമയം കളയാതെ അറിയാവുന്ന വിഷയങ്ങളും പാഠഭാഗങ്ങളും നന്നായി പഠിച്ച് തയ്യാറെടുക്കുക.
• ടിവി, കമ്പ്യൂട്ടര്‍ എന്നിവ പരീക്ഷക്കാലത്ത് ഉപയോഗിക്കാതിരിക്കുക. അത്യാവശ്യമെങ്കില്‍ പഠനകാര്യങ്ങള്‍ക്കൊഴികെ മറ്റു കാര്യങ്ങള്‍ക്കൊന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

ശീലമാക്കാം മിത ഭക്ഷണം

• റിവിഷന്‍ സമയത്തും പരീക്ഷാക്കാലത്തും അമിത ഭക്ഷണം വേണ്ട.
• എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക.  ധാരാളം വെള്ളം കുടിക്കണം.
• ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുകയും പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും ചെയ്യണം.

 നന്നായി ഉറങ്ങണം


• പതിവായി ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറക്കമൊഴിഞ്ഞുള്ള പഠനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
• ഉറങ്ങുന്നതിനു മുമ്പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിനും മനസിനും നല്ല സുഖം തോന്നുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.

വ്യായാമം വേണം

• ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കണം.
• ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാനും രക്തചംക്രമണം വര്‍ധിക്കാനും വ്യായാമം സഹായിക്കും. ശരീരവും മനസും ഊര്‍ജ്ജസ്വലമാകും.

പരീക്ഷാ ഹാളില്‍

• ചോദ്യ പേപ്പറിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിക്കുക.
• റോള്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തുക.
• ചോദ്യങ്ങള്‍ മനസ്സിരുത്തി വായിച്ച് മനസിലാക്കുക. ഉത്തരമെഴുതുമ്പോള്‍ പ്രധാനപ്പെട്ട പോയിന്റുകള്‍ക്ക് അടിവരയിടുക.
• എളുപ്പമുള്ളവ ആദ്യം എഴുതുക. അറിയാത്ത ചോദ്യങ്ങളെകുറിച്ച് ആകുലപ്പെട്ടിരിക്കരുത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ചോദ്യ പേപ്പര്‍ ചര്‍ച്ച ചെയ്യാന്‍ നില്‍ക്കാതെ അടുത്ത ദിവസത്തെ പരീക്ഷക്കായി തയ്യാറെടുക്കണം

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. 78219 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക...    Read More on: http://360malayalam.com/single-post.php?nid=6913
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. 78219 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക...    Read More on: http://360malayalam.com/single-post.php?nid=6913
എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; മലപ്പുറം ജില്ലയില്‍ പരീക്ഷ എഴുതുന്നത് 78219 വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. 78219 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ജില്ലയില്‍ 297 കേന്ദ്രങ്ങളിലായാണ് പരീക്ഷ. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നലെ (മാര്‍ച്ച് 30) ആരംഭിച്ചു. 77817 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്