കുണ്ടുകടവ് പാലം പുനർനിർമാണത്തിന് 29.30 കോടി രൂപയുടെ ഭരണാനുമതി
പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്ടുകടവ് പാലം പുതുക്കി പണിയുന്നതിന് 29.30 കോടി രൂപയുടെ ഭരണാനുമതിയായി . മലപ്പുറം-തൃശൂർ ജില്ലകളിലെ പ്രധാന നഗരങ്ങളുമായി പൊന്നാനി നിയോജക മണ്ഡലത്തെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഈ പാതയിലൂടെയാണ് കുണ്ടുകടവ് പാലം കടന്നു പോകുന്നത് .
60 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കുണ്ടുകടവ് പാലം ബലക്ഷയം നേരിടുന്നുവെന്ന പൊതുമരാമത്ത് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചത് . കുണ്ടുകടവ് പാലത്തിന്റെ പ്രീ കാസ്റ്റഡ് പൈലുകൾ , പിയറുകൾ , ബീമുകൾ , സ്ളാബുകൾ തുടങ്ങിയവയുടെയെല്ലാം കോൺക്രീറ്റ് അടർന്നു വീഴുകയും കമ്പികൾ ദ്രവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ് . പൊതുമരാമത്ത് വകുപ്പ് പഠനം നടത്തി തയ്യാറാക്കിയ ബ്രിഡ്ജ് കണ്ടീഷൻ ഇൻഡക്സ് പ്രകാരം കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണം വളരെ അടിയന്തിരമായി ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് സർക്കാറിന് നൽകിയിരുന്നു . 29.30 കോടി രൂപ ചെലവിൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നബാർഡ് സഹായത്തോടെയാണ് കുണ്ടുകടവ് പാലം പുതുക്കി പണിയുന്നത് . മൊത്തം എസ്റ്റിമേറ്റ് തുകയുടെ 80% നബാർഡും 20 % സംസ്ഥാന സർക്കാറും ആണ് കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണത്തിനായി വഹിക്കുന്നത് . 2021 ജൂലായ് 16 ന് ബഹു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ.മുഹമ്മദ് റിയാസ് പൊന്നാനി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിന് എത്തിയപ്പോൾ കുണ്ടുകടവ് പാലം പുനർനിർമിക്കുന്നതിന്റെ ആവശ്യകതയെ പറ്റി മന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു . ഇതിനെ തുടർന്ന് പി.ഡബ്ലി.യു ബ്രിഡ്ജസ് വിഭാഗത്തിൽ നിന്ന് മന്ത്രി തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു . 2021 ഒക്ടോബർ 13 ന് നിയമസഭയിൽ ഈ വിഷയത്തിൽ സബ്മിഷൻ അവതരിപ്പിച്ചതോടെ കുണ്ടുകടവ് പാലം പുനർനിർമാണം നടത്താനുള്ള നടപടികൾ കൂടുതൽ ദ്രുതഗതിയിലാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു . ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ നബാർഡ് പദ്ധതികളുടെ ജില്ലാ മാനേജർ ശ്രീ. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കുണ്ടുകടവ് പാലം നേരിട്ട് സന്ദർശിച്ചിരുന്നു . പുഴയുടെ നടുഭാഗത്ത് 45 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും പാലത്തിന്റെ ഒരു ഭാഗത്ത്
26 മീറ്റർ നീളത്തിലുള്ള മൂന്ന് സ്പാനും മറുഭാഗത്ത് 26 മീറ്റർ നീളത്തിലുള്ള നാല് സ്പാനും ഉൾപ്പെടെ 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കാൻ വിഭാവനം ചെയ്തിട്ടുള്ളത് . 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശവുമായി 1.50 മീറ്റർ വീതിയിലുള്ള നടപ്പാതയും 0.25 മീറ്റർ കൈവരിയും ഉൾപ്പെടെ പാലത്തിന്റെ മൊത്തം വീതി 11 മീറ്ററാണ് .
കുണ്ടുകടവ് പാലം പുനരനിർമിക്കേണ്ടതിന്റെ പ്രാധാന്യം കൃത്യമായി നബാർഡ് സംഘത്തിന് ബോധ്യപ്പെട്ടത്തോടെ ഭരണാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ വളരെ വേഗത്തിലാണ് പൂർത്തീകരിച്ചത് . സാങ്കേതിക അനുമതി , ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന്പി. നന്ദകുമാർ എം.എൽ.എ പ്രത്യാശ പ്രകടിപ്പിച്ചു .
#360malayalam #360malayalamlive #latestnews #kundukadavbridge