കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ അന്തരിച്ചു

കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ(101) അന്തരിച്ചു.  കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ഗൗരിയമ്മ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലെത്തിയത്.

  മരണത്തോട് പോലും പോരാടിയാണ് ഗൗരിയമ്മയുടെ വിയോഗം. നൂറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് ഇതിഹാസമാണ് വിടവാങ്ങിയത്. ത്യാഗനിർഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം. വിപ്ലവ നായിക ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ്മ.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായക സംഭവാനകൾ ചെയ്ത, രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. അവരുടെ ആജ്ഞശക്തി ഭരണവൈഭവം എന്നിവ എക്കാലത്തും ഓർമ്മിക്കപ്പെടും. ആദ്യ മന്ത്രിസഭയിൽ റവന്യുമനത്രിയായിരുന്നു ഗൗരിയമ്മ. കേരളത്തിന്റ ഭാവി ഗതിയെ നിർണ്ണയിച്ച ഭൂപരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു.

ചേർത്തലയിൽ നിന്ന് ജയിച്ച് തുടങ്ങിയ ഗൗരിയമ്മ പിന്നീട് അരൂരിന്റെ മേൽവിലാസമായി ഒരുതവണ ഒഴികെ 2011 വരെ അരൂരിന്റെ സ്ഥിരം പ്രതിനിധി. അഞ്ച് തവണ മന്ത്രി. ഇടതുമുന്നണി സർക്കാരിലും പിന്നീട് ഐക്യമുന്നണി സർക്കാരിലും മന്ത്രിയായി. ഐതിഹാസി.കമായ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവ നായികയായി,

കേരം തിങ്ങും കേരള നാട്ടിൽ കേരളനാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും എന്നത് മുദ്രാവാക്യം മാത്രമായി ഒതുങ്ങിയപ്പോൾ ഭരിച്ചത് ഇ.കെ നായനാർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയെങ്കിലും അവരെ സിപിഎം മുഖ്യമന്ത്രിയാക്കിയില്ല. ഇഎംഎസ്സുമായുള്ള ഭിന്നതയ്ക്കൊടുവിൽ 1994 ലിൽ അവർ സിപിഎമ്മിന് പുറത്തായി. ആ ചങ്കൂറ്റം അവരുടെ രാഷ്ട്രീയം പിന്നെയും മുന്നോട്ടുകൊണ്ടുപോയി. ജെഎസ്എസ് രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമായി ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും മന്ത്രിസഭയിൽ അംഗമായി.

1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ). 1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.

1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ചേർത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ.എ രാമന്റെയും പാർവ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആർ ഗൗരി ജനിച്ചു.  എറണാകുളം മഹാരാജാസിൽ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഗൗരിയമ്മ സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ 1954ൽ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.

ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്കരണ നിയമം, 1958 ലെ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം എന്നിവ സഭയിൽ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയിൽ റവന്യൂ മന്ത്രി എന്ന നിലയിൽ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേർന്നു. പാർട്ടിയുടെ പിളർപ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു.

1994ൽ സിപിഎമ്മിൽ നിന്നും ഗൗരിയമ്മ പുറത്തുപോന്നു. അങ്ങനെ ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) എന്ന ഗൗരിയമ്മയുടെ സ്വന്തം പാർട്ടി പിറന്നു. ഇടതുകോട്ടകളിൽ പ്രത്യേകിച്ച് ആലപ്പുഴയിലെ ജെ.എസ്.എസ് ഉണ്ടാക്കിയ വിള്ളൽ ചെറുതല്ല. 2001ൽ യുഡിഎഫ് മന്ത്രിസഭയിൽ ഗൗരിയമ്മ കൃഷിമന്ത്രിയായി. പക്ഷേ തുടർച്ചയായി ജെ.എസ്.എസിനുണ്ടായ പരാജയം യുഡിഎഫ് പാളയം വിടുന്നതിലാണ് അവസാനിച്ചത്.

#360malayalam #360malayalamlive #latestnews #krgouriyamma #death

കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാ...    Read More on: http://360malayalam.com/single-post.php?nid=4278
കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാ...    Read More on: http://360malayalam.com/single-post.php?nid=4278
കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ അന്തരിച്ചു കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്