കോവിഡ് വാക്‌സിനേഷന്‍: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍

കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി വരികയാണ്. സംസ്ഥാനത്ത് ഇന്നലെവരെ 3,47,801 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,31,143 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികള്‍ക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 30,061 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.


ആരും തിരക്ക് കൂട്ടേണ്ട കാര്യമില്ല. സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ സ്റ്റോക്കുണ്ട്. ഇതുകൂടാതെ മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിവതും കോ വിന്‍ വെബ് സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് കേന്ദ്രത്തിലെത്തിയാല്‍ തിരക്ക് ഒഴിവാക്കാനാകും.


കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിന്‍ എടുക്കാന്‍ പല കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടായിട്ടുണ്ട്. ഇത് വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനം സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികളെ ഈ തിരക്ക് തടസപ്പെടുത്തുകയും ചെയ്യും. കോ വിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിംഗിനായി ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നും പരാതിയുയര്‍ന്നു. ഇത് പരിഹരിക്കാനായി ആരോഗ്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്. കോ വിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേയും സെഷനുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും കോ വിന്‍ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള സെഷനുകള്‍ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ ജില്ലകളും സംസ്ഥാനവുമായി ആശയവിനിമയം നടത്തി അടുത്ത ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് കൈമാറുന്നതാണ്. ഓരോ കേന്ദ്രങ്ങളിലേയും സെഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ദിനംപ്രതി അച്ചടി, സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പുവരുത്തും. പ്രാദേശിക ആവശ്യകത വിലയിരുത്തിയ ശേഷം ജില്ലകള്‍ ആവശ്യമായ മാറ്റം വരുത്തുന്നതാണ്.


തിരക്ക് കുറയ്ക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് മുമ്പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുത്ത് വരുന്നവര്‍ക്കും നേരിട്ട് വരുന്നവര്‍ക്കും പ്രത്യേകമായി നിശ്ചിത എണ്ണം അനുവദിക്കും. നേരിട്ട് വരുന്നവര്‍ക്ക് തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ അനുവദിക്കും. ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത ഒരു ഗുണഭോക്താവിനെ ഒരിക്കലും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ടോക്കണ്‍ എടുക്കാന്‍ ആവശ്യപ്പെടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

ഇതുവരെ 30,061 അറുപത് വയസ് കഴിഞ്ഞവര്‍ വാക്‌സിനെടുത്തു.......    Read More on: http://360malayalam.com/single-post.php?nid=3755
ഇതുവരെ 30,061 അറുപത് വയസ് കഴിഞ്ഞവര്‍ വാക്‌സിനെടുത്തു.......    Read More on: http://360malayalam.com/single-post.php?nid=3755
കോവിഡ് വാക്‌സിനേഷന്‍: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇതുവരെ 30,061 അറുപത് വയസ് കഴിഞ്ഞവര്‍ വാക്‌സിനെടുത്തു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്