മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന തരത്തിൽ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പത്മശ്രീ സുഗതകുമാരി അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിനിടെ നിരാലംബർക്കിടയിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി പരിസ്ഥിതി, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു. പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമൻസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന കാർത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22നാണ് സുഗതകുമാരിയുടെ ജനനം. തത്വശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹർ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും സാമൂഹിക അനീതികൾക്കെതിരായും പ്രവർത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്തു. അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവയെല്ലാം സുഗതകുമാരിയുടെ സംഭാവനകളാണ്.


1961ൽ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് ആദ്യ കവിത. പിന്നീട് പാതിരാപ്പൂക്കൾ, ഇരുൾ ചിറകുകൾ, രാത്രിമഴ എന്നീ കവിതകൾ പ്രസിദ്ധീകരിച്ചു. രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും സാഹിത്യപ്രവർത്തക അവാർഡും ലഭിച്ചു. 1980 കൾക്ക് ശേഷമാണ് സുഗതകുമാരിയുടെ തന്റെ കവിതാതലം മാറ്റാൻ തുടങ്ങിയത്. പാലക്കാട് സൈലന്റ് വാലി പ്രക്ഷോഭവും തുടർന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനങ്ങളും സുഗതകുമാരിയുടെ ജീവിതത്തിൽ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ അത് അവരുടെ രചനകളിലും പ്രതിഫലിച്ചു. ജെസ്സി, മരത്തിന് സ്തുതി തുടങ്ങിയ കവിതകളിലൂടെയല്ലാം പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള തേങ്ങലുകളാണ് സുഗതകുമാരി കുറിച്ചത്. വാർദ്ധക്യം എന്ന പേരിലുള്ള കവിതയിലൂടെ മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘർഷങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. ഭഗവാൻ കൃഷ്ണന്റെ കടുത്ത ഭക്തയായ സുഗതകുമാരി കൃഷ്ണഭക്തി നിറഞ്ഞുനിന്ന കവിതകളും രചിച്ചു. കുട്ടികൾക്ക് സ്‌നേഹവും വാത്സല്യവും നൽകുന്ന അമ്മയായ സുഗതകുമാരി ബാലസാഹിത്യത്തിനും നിസ്തുല സംഭാവനകൾ നൽകി. വാഴത്തേൻ, ഒരു കുല പൂവും കൂടി തുടങ്ങിയ കൃതികൾ കുട്ടികൾക്കായ് അവർ രചിച്ചതാണ്. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്‌കാരം, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ്, കേരള സാഹിത്യ അക്കാഡദമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ്, ആശാൻ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2004ൽ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ് ലഭിച്ചു. ബാലാമണിയമ്മ അവാർഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങൾക്കുള്ള ഇന്ത്യാ സർക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സരസ്വതി സമ്മാൻ എന്നിവയും സുഗതകുമാരിയെ തേടിയെത്തി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

പാവം മാനവഹൃദയം, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണ കവിതകൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. സുഗതകുമാരിയുടെ കവിതകൾ സമ്പൂർണം എന്ന പേരിൽ ഡി.സി ബുക്‌സ് ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോൾ, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷ്‌മിയാണ് ഏക മകൾ.

#360malayalam #360malayalamlive #latestnews

മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന തരത്തിൽ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയി...    Read More on: http://360malayalam.com/single-post.php?nid=3197
മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന തരത്തിൽ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയി...    Read More on: http://360malayalam.com/single-post.php?nid=3197
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന തരത്തിൽ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പത്മശ്രീ സുഗതകുമാരി അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്