തൃശ്ശൂരിലെ ചോരക്കളികളിൽ ജനം ഭീതിയിൽ; 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ.

തൃശൂർ: 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. ജില്ലയിൽ തുടരെയുണ്ടാകുന്ന ചോരക്കളികളിൽ ജനം ഭീതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ മുതൽ സംഘം ചേർന്നുള്ള ആക്രമണങ്ങൾ വരെ ഇതിലുണ്ട്. കഞ്ചാവ് കേസിലെ പ്രതിയെ ജയിൽ അധികൃതർ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ് ഇതിലൊരെണ്ണം. മിക്ക കേസുകളിലും പ്രതികളെ പിടികൂടിയെങ്കിലും ജാഗ്രത കൂട്ടേണ്ട സ്ഥിതിയിലാണു പൊലീസ്. സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കുന്നംകുളത്തു വെട്ടിക്കൊന്നത്

രാഷ്ട്രീയ കൊലപാതകമെന്നു സിപിഎം ആരോപിക്കുന്ന കേസിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ കൊലപാതകമെന്നാണു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കുരിയച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ മുവാറ്റുപുഴ സ്വദേശിനി സോന മരണത്തിനു കീഴടങ്ങിയതും കഴിഞ്ഞ ഞായറാഴ്ചയാണ്. പ്രതിയെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. എളനാട് പോക്സോ കേസ് പ്രതി തിരുമണി സതീഷിനെ അയൽവാസി ശ്രീജിത്ത് വെട്ടിക്കൊന്നതു നടുക്കുന്ന സംഭവമായി. 

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പൊരി ബസാറിൽ വാടകവീട്ടിൽ അഴീക്കോട് കൊട്ടിക്കൽ നടുമുറി രാജേഷ് (44) മരിച്ചതും  കൊലപാതകമാണെന്നു തെളിഞ്ഞു. രണ്ടാഴ്ച മുൻപു പ്രഭാത നടത്തത്തിനിടെ കുത്തേറ്റു ചികിത്സയിലായിരുന്ന  ഒല്ലൂർ ക്രിസ്റ്റഫർ നഗർ വെളപ്പാടി ശശി (60) മരിച്ചത് ഇന്നലെ. ജയിൽ അധികൃതരുടെ കസ്റ്റഡിയിൽ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് കൊലപാതകമാണെന്നു തെളിഞ്ഞത് വെള്ളിയാഴ്ചയാണ്. ഒടുവിൽ, ഇന്നലെ അന്തിക്കാട് മാങ്ങാട്ടുകരയിൽ കൊലക്കേസ് പ്രതിയും ബിജെപി പ്രവർത്തകനുമായ നിധിലിനെ നാലുപേർ ചേർന്നു വെട്ടിക്കൊലപ്പെടുത്തി. 


ഈ വർഷം 23 കൊലപാതകം 


ഈ വർഷം ഇതുവരെ ജില്ലയിൽ നടന്നത് 23 കൊലപാതകങ്ങൾ. 10 മാസത്തിനുള്ളിൽ സിറ്റി പൊലീസ് പരിധിയിൽ 11 കൊലപാതകവും റൂറൽ പൊലീസ് പരിധിയിൽ 12 കൊലപാതകവും റിപ്പോർട്ട് ചെയ്തു. (ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 21 കൊലപാതകമാണ്. ജയിൽ കസ്റ്റഡി  മരണവും ഇന്നലെ നടന്ന അന്തിക്കാട് കൊലപാതകവും ചേർത്താണ് 23).

സൂചന അറിഞ്ഞിരുന്നോ?

മുറ്റിച്ചൂർ കൊലപാതകം തടയാനുള്ള പൊലീസ് ശ്രമം പാളിയതായി സൂചന. പ്രതികളെന്നു കരുതുന്നവരുടെ വീട്ടിൽ പൊലീസ് 3 ദിവസം മുൻപു റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ഇവരെ കണ്ടെത്താനായില്ല. കൊലപാതകം സംബന്ധിച്ച സൂചന നേരത്തെ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്നാൽ, ആരെയാണ് ലക്ഷ്യമിടുന്നതെന്നു പൊലീസിനു വ്യക്തമായ ധാരണയില്ലായിരുന്നു.  


പട്രോളിങ് ശക്തമാക്കും: ഡിഐജി 


ജില്ലയിലെ ഗുണ്ടാ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കുമെന്നു ഡിഐജി എസ്. സുരേന്ദ്രൻ പറഞ്ഞു. അടുത്തുണ്ടായ കൊലപാതകങ്ങളിലെല്ലാം പ്രതികളെ ഉടൻ പിടികൂടാനായി. മുറ്റിച്ചൂർ കൊലപാതകത്തിലും പ്രതികൾ ആരെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർ എവിടേക്കു നീങ്ങിയെന്ന സൂചനകളും കിട്ടിയിട്ടുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടകളെല്ലാം നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം ആസൂത്രിതം:കെ. സുരേന്ദ്രൻ

അന്തിക്കാട് സ്വദേശിയായ ബിജെപി പ്രവർത്തകന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്നും മന്ത്രി എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിക്കു നിരക്കാത്ത നിലയിലുള്ള പ്രകോപനമാണ് മന്ത്രി മൊയ്തീൻ ജില്ലയിൽ നടത്തുന്നത്. അഴിമതിയും കള്ളക്കടത്തും കാരണം പ്രതിഛായ നഷ്ടപ്പെട്ട സർക്കാർ ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തുന്നു. അണികളെ കൊലപാതകത്തിനു പ്രേരിപ്പിക്കുകയാണ് സിപിഎം നേതാക്കൾ ചെയ്തതെന്നും ശക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

കൊലപാതകത്തിന് പിന്നിൽ സിപിഎം: ബിജെപി


അന്തിക്കാട് മുറ്റിച്ചൂരിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നിൽ സിപിഎം ആണെന്നു ബിജെപി. വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് അഴിമതിയിൽ മന്ത്രി എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തുന്ന സമരത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പൊലീസിന്റെ പങ്കും മന്ത്രി മൊയ്തീന്റെ പങ്കും അന്വേഷിക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ ആവശ്യപ്പെട്ടു. സിപിഎമ്മും കഞ്ചാവ് സംഘവും തമ്മിലുള്ള കൂട്ടുകെട്ടിന് ഒത്താശ ചെയ്യുന്ന പൊലീസാണ് പ്രധാന പ്രതികളെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആരോപിച്ചു. 


ജില്ലയിലെ ക്രമസമാധാനനില തകർന്നു:ടി.എൻ. പ്രതാപൻ


ജില്ലയിൽ ക്രമസമാധാനനില തകർന്നെന്നും ആർക്കും എന്തു കുറ്റവും ചെയ്യാവുന്ന നിലയാണെന്നും ടി.എൻ. പ്രതാപൻ എം.പി. തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ആക്രമണങ്ങളും ജില്ലയിൽ നിത്യസംഭവമായി മാറുന്ന സാഹചര്യമാണു നിലവിലുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സംവിധാനം പരാജയപ്പെട്ടെന്നും എംപി ആരോപിച്ചു.


പങ്കില്ലെന്ന് സിപിഎം


മുറ്റിച്ചൂർ കൊലപാതകത്തിൽ പങ്കില്ലെന്നും ഗുണ്ടകൾ തമ്മിലുള്ള പകയാണു കൊലയ്ക്കു കാരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു. കൊലപാതകത്തിൽ സിപിഎമ്മിനു പങ്കുണ്ടെന്നു ബിജെപി പറയുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു സംശയിക്കണം. പല ക്രിമിനൽ കേസുകളിലും പ്രതിയായ ആളാണു കൊല്ലപ്പെട്ടിരിക്കുന്നതെന്നും എം.എം.വർഗീസ് ചൂണ്ടിക്കാട്ടി.

#360malayalam #360malayalamlive #latestnews

തൃശൂർ 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. ജില്ലയിൽ തുടരെയുണ്ടാകുന്ന ചോരക്കളികളിൽ ജനം ഭീതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ മുതൽ സംഘം ചേർന്നുള്...    Read More on: http://360malayalam.com/single-post.php?nid=1649
തൃശൂർ 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. ജില്ലയിൽ തുടരെയുണ്ടാകുന്ന ചോരക്കളികളിൽ ജനം ഭീതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ മുതൽ സംഘം ചേർന്നുള്...    Read More on: http://360malayalam.com/single-post.php?nid=1649
തൃശ്ശൂരിലെ ചോരക്കളികളിൽ ജനം ഭീതിയിൽ; 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. തൃശൂർ 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. ജില്ലയിൽ തുടരെയുണ്ടാകുന്ന ചോരക്കളികളിൽ ജനം ഭീതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ മുതൽ സംഘം ചേർന്നുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്