കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം നാം കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം.

കോഴിക്കോട്∙ കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെ ദുരൂഹതകൾ  കല്ലറ നീക്കി പുറത്തുവന്നിട്ട്  ഒരു വർഷം. ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമാണെന്നു നാടറിഞ്ഞത് 2019 ഒക്ടോബർ നാലിന്. രണ്ടു ഇടവകകളിലെ മൂന്നു കല്ലറകളിലായി അടക്കിയ 6 മൃതദേഹ ഭാഗങ്ങൾ അന്നു പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്ക് അയച്ചു. പിറ്റേ ദിവസം മുഖ്യപ്രതി ജോളി ജോസഫ് അടക്കം മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീടു നാടു കേട്ടത് 14 വർഷത്തിനിടെ നടന്ന ആറു കൊലപാതകങ്ങളുടെയും അതിലേറെ കൊലപാതക ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകൾ.  പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ  കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 

ഒരു വർഷം പിന്നിടുമ്പോൾ ആറു കേസുകളിലെയും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളിൽ പ്രാരംഭ വാദം തുടങ്ങി. പ്രതികളായ ജോളി ജോസഫും എം.എസ്.മാത്യുവും ഇപ്പോഴും ജയിലിൽ തന്നെ. മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേർ സമാന സാഹചര്യത്തിൽ മരിച്ചത്.   റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ്, മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.

മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ്  6 കൊലപാതകങ്ങളും നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു 5 കൊലപാതകങ്ങൾ. ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് നായ്ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന ഡോഗ്കിൽ എന്ന വിഷം. സ്വത്ത് തട്ടിയെടുക്കാനും ഇഷ്ടപ്പെട്ട വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകങ്ങൾ. 

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു  ടോം തോമസിന്റെ മകൻ റോജോ തോമസ്  2019  ജൂലൈയിലാണു കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു  പരാതി നൽകുന്നത്.  എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി.സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷൽ ബ്രാഞ്ച്  സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. 

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിൽ   നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. കല്ലറ  തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

 മുഖ്യപ്രതി ജോളി ജോസഫ് ( 47), ഇവർക്കു സയനൈഡ് എത്തിച്ചുനൽകിയ ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സയനൈഡ് നൽകിയ സ്വർണപ്പണിക്കാരനായ പ്രജികുമാർ  എന്നിവരെയാണു അറസ്റ്റ് ചെയ്തത്. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച സിപിഎം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി ഇ.മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ.സി.വിജയകുമാർ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസിൽ പ്രതി ചേർത്തു.

ആറു കൊലപാതകങ്ങളും ആറു സംഘങ്ങളാണ് അന്വേഷിച്ചത്. കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽ ചെന്നാണു റോയ് തോമസിന്റെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ബാക്കി നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം വന്നിട്ടില്ല. 

#360malayalam #360malayalamlive #latestnews

കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെ ദുരൂഹതകൾ കല്ലറ നീക്കി പുറത്തുവന്നിട്ട് ഒരു വർഷം. ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമാണെ...    Read More on: http://360malayalam.com/single-post.php?nid=1471
കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെ ദുരൂഹതകൾ കല്ലറ നീക്കി പുറത്തുവന്നിട്ട് ഒരു വർഷം. ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമാണെ...    Read More on: http://360malayalam.com/single-post.php?nid=1471
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം നാം കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം. കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെ ദുരൂഹതകൾ കല്ലറ നീക്കി പുറത്തുവന്നിട്ട് ഒരു വർഷം. ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമാണെന്നു നാടറിഞ്ഞത് 2019 ഒക്ടോബർ നാലിന്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്