മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്തും - മുഖ്യമന്ത്രി

മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തല്‍ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൂക്ഷ്മതല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. 50 വീടുകള്‍ / സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌കോഡുകള്‍ രൂപീകരിച്ച് കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കണം. വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. 


വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ പ്രവര്‍ത്തനം ഏറ്റെടുക്കണം. ഓരോ വാര്‍ഡിലെയും വീടുകള്‍, സ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  


ജില്ല / നഗരസഭ / ബ്ലോക്ക് / ഗ്രാമപഞ്ചായത്ത് തലങ്ങളിലെ പ്രസിഡന്റ്/ ചെയര്‍പേഴ്‌സണ്‍മാരുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ആരോഗ്യജാഗ്രതാ സമിതികളും ഇന്റര്‍സെക്ടറല്‍ സമിതികളും സമയബന്ധിതമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. 


ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയും നിര്‍വ്വഹണ പുരോഗതി അവലോകനം നടത്തുകയും ചെയ്യും. 


ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗങ്ങള്‍ വിളിച്ച് ഉത്തരവാദിത്വങ്ങള്‍ വിഭജിച്ച് നല്‍കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വൈസ് ചെയര്‍മാനും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായും, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണം. 


ജില്ലാതല കോര്‍ കമ്മിറ്റി 15 ദിവസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ തലത്തില്‍ അവലോകന സമിതി യോഗം രണ്ടാഴ്ചയിലൊരിക്കലും വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി യോഗം എല്ലാ ആഴ്ചയിലും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം.


ഉറവിട മാലിന്യസംസ്‌കരണം ഉറപ്പാക്കണം. ഉറവിടത്തില്‍ മാലിന്യം തരംതിരിക്കല്‍, സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കല്‍ എന്നിവയ്ക്ക് ഫലപ്രദമായി നേതൃത്വം നല്‍കാന്‍ കഴിയണം. 


വിവിധ വകുപ്പുകളും ഘടകസ്ഥാപനങ്ങളും ഏകോപിതമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ നടക്കുന്ന അവലോകന യോഗങ്ങളില്‍ ഈ വകുപ്പുകളിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണം. ശുചിത്വ മിഷന്‍, ഹരിതകേരളം, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, കില, തൊഴിലുറപ്പ് മിഷന്‍ എന്നിവ ഇതിനകം നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സ്‌കൂള്‍ തുറക്കല്‍ - മുന്നൊരുക്കങ്ങൾ


സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വാഹനത്തില്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍ അതതു സ്‌കൂളുകള്‍ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.  റോഡരികിലും മറ്റുമായി  അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കാന്‍ ഇടയാക്കും. 


കുട്ടികള്‍ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങള്‍ സ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ട് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം കുട്ടികളെയും കൂട്ടി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകരുത്. സ്വകാര്യ / ടാക്‌സി വാഹനങ്ങള്‍ കുട്ടികള്‍ വരുന്നതുവരെ നിര്‍ത്തിയിടുകയാണെങ്കില്‍ അതിനുള്ള സൗകര്യം സ്‌കൂള്‍ ഒരുക്കണം.


വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കില്‍ അവ മാറ്റണം. ട്രാഫിക് ഐലന്റ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ബോര്‍ഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കണം. വിദ്യാലയത്തിനു സമീപം വാര്‍ണിംഗ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കണം.


സ്‌കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്‌നസ്സ് മുതലായവ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്‌കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.


കുട്ടികള്‍ ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അദ്ധ്യാപകര്‍ വിവരം തിരക്കണം. സ്‌കൂളിലേക്ക് പുറപ്പെട്ട് കുട്ടി സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ അടിയന്തിരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണം.


സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണം. അപകടകരമായ നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവ മുറിച്ചു മാറ്റണം. ഇലക്ട്രിക് പോസ്റ്റില്‍ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയര്‍, ഇലക്ട്രിക് കമ്പികള്‍ മുതലായവ പരിശോധിച്ച് അവയില്‍ നിന്നും ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 


യോഗത്തില്‍ മന്ത്രിമാരായ എം. വി ഗോവിന്ദന്‍, റോഷി അഗസ്റ്റിന്‍, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത...    Read More on: http://360malayalam.com/single-post.php?nid=7056
മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത...    Read More on: http://360malayalam.com/single-post.php?nid=7056
മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്തും - മുഖ്യമന്ത്രി മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തല്‍ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂര്‍വ്വ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്