സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടർന്നാൽ പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനസംഖ്യയുടെ 76.15 ശതമാനം പേർക്ക് (2,18,54,153) ആദ്യ ഡോസ് വാക്സിനും 28.73 ശതമാനം പേർക്ക് (82,46,563) രണ്ട് ഡോസ് വാക്സിനും നൽകി. 45 വയസിൽ കൂടുതൽ പ്രായമുള്ള 92 ശതമാനത്തിലധികം പേർക്ക് ഒറ്റ ഡോസും 48 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ  വാർത്താ സമ്മേളനത്തിൽ നിന്ന്

...................................


ഇന്ന് 25,772 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,62,428 പരിശോധനകള്‍ നടന്നു. 2,37,045പേരാണ് ചികിത്സയിലുള്ളത്. 189  മരണങ്ങളുണ്ടായി. 


കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം തുടരുന്ന ഘട്ടത്തിലാണ് വീണ്ടും നിപ വന്നത്. കോവിഡ് പ്രതിരോധത്തോടൊപ്പം തന്നെ നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു.  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 വയസ്സുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തര യോഗം ചെര്‍ന്ന് നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം, സാമ്പിള്‍ ടെസ്റ്റ് ആന്‍റ് റിസള്‍ട്ട് മാനേജ്മെന്‍റ്, സമ്പര്‍ക്ക പരിശോധന, രോഗ ബാധിതര്‍ക്കായുള്ള യാത്ര സംവിധാനത്തിന്‍റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവര വിശകലനം തുടങ്ങിയവ ചെയ്യാന്‍ ചുമതലപ്പെടുത്തി  16 കമ്മിറ്റികള്‍ രൂപീകരിച്ചു.


സമ്പര്‍ക്ക പട്ടികയിൽ 257 പേരാണുള്ളത്. അതിൽ 141 ആരോഗ്യ പ്രവർത്തകരാണ്. 51 പേര്‍ ആശുപത്രിയിലുണ്ട്.  ഗുരുതരമായ രോഗലക്ഷണം ആര്‍ക്കുമില്ല. ഇന്നലെ രാത്രി വൈകി  പൂനെയില്‍ നിന്ന് ലഭിച്ച എട്ടു ഫലങ്ങളും നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്.


കോഴിക്കോട് സെറ്റ് ചെയ്ത് ലാബില്‍ നിന്ന് ലഭിച്ച ഫലവും നെഗറ്റീവ് ആണ്. ഇന്ന് കൂടുതല്‍ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്‍റെ ഫലം ലഭിക്കും. ചില സാമ്പിളുകള്‍ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ചതുപോലെ രാത്രി വൈകി അതിന്‍റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.


മന്ത്രിമാരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനവും ഉടനടിയുണ്ടായി.  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനു പുറമേ മറ്റ് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കി. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. ഐസിയു കിടക്കകളുടേയും വെന്‍റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി.  സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി. അന്നു തന്നെ ഹൈ റിസ്കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കി. അധികമായി ജീവനക്കാരെ നിയമിക്കാനും പരിശീലനം സിദ്ധിച്ചവരെ നിപ ചികിത്സയ്ക്കായി നിയോഗിക്കാനും  നടപടികള്‍ സ്വീകരിച്ചു. 

 

എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമിലൂടെയാണ്.  


എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.  പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി നിപ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. . സര്‍ക്കാര്‍, സ്വകാര്യം ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചു. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്മെന്‍റ് ഗൈഡ്ലൈനും, ഡിസ്ചാര്‍ജ് ഗൈഡ്ലൈനും പുറത്തിറക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലങ്ങള്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്‍റിന്‍റെ ഘടന. 

 

എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് അതി വേഗം  കോഴിക്കോട്ട്  നിപ പരിശോധനയ്ക്കുള്ള ലാബ് സജ്ജമാക്കിയത്.   ടെസ്റ്റ് കിറ്റുകളും റീയേജന്‍റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും എത്തിക്കുകയായിരുന്നു.

 

മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കിയിട്ടുമുണ്ട്. മോണോക്ലോണല്‍ ആന്‍റിബോഡി ആസ്ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ എത്രയും വേഗം എത്തിക്കുമെന്ന് ഉറപ്പ് നല്‍കി. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്.  നിപയുടെ ഉറവിടം കണ്ടെത്താനും വലിയ ശ്രമം നടക്കുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്‍ട്രോള്‍ റൂമില്‍നിന്നും വിളിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്യുന്നുണ്ട്.

വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ വീതവും നിപ സമ്പര്‍ക്ക പട്ടികയില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്നും മലപ്പുറത്തുനിന്നും ഉള്ളവരെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. ആര്‍ക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. 

നിപാ ബാധിതപ്രദേശത്ത് ബോധവല്‍ക്കരണങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം സിദ്ധിച്ച ടീമുകള്‍ ഗൃഹസന്ദര്‍ശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. 25 വീടുകള്‍ക്ക് ഒരു ടീം എന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. ഇതിലൂടെ ജില്ലകളിലെ നിപ പ്രതിരോധം ശക്തമാക്കാനും ഏകോപിപ്പിക്കാനും സാധിക്കും. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കുന്നതാണ്.  നിപ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിനും കൈമാറുന്നതിനും ഇ ഹെല്‍ത്ത് സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തി. 

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി. ആശുപത്രിയില്‍ ഒരു രോഗി എത്തുമ്പോള്‍ മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. രോഗപ്രതിരോധം, നിരീക്ഷണം, റെഫറല്‍, ബോധവല്‍ക്കരണം എന്നിവയിലൂന്നിയായിരുന്നു പരിശീലനം. ഇത് കൂടാതെ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍., ആശാ വര്‍ക്കര്‍മാര്‍, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കി. നിപയെ നേരിടാനും വ്യാപനം തടയാനും എല്ലാ തലത്തിലുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

നിപയുടെ കാര്യത്തില്‍ പലതരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് കണ്ടെത്തി തടയും. അത്തരം പ്രചാരണങ്ങളില്‍ പെട്ടുപോകരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. 

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ കോവിഡ് കേസുകളില്‍ കാര്യമായി വര്‍ധനവുണ്ടായിട്ടില്ല. ദശാംശം 6 ശതമാനം മാത്രമാണ് ഈയാഴ്ച വര്‍ധനവുണ്ടായത്. കഴിഞ്ഞ മാസം 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.49 ആയിരുന്നു ടി.പി.ആര്‍. അത് 31 മുതല്‍ ഈ മാസം 6 വരെയുള്ള ആഴ്ചയില്‍ 17.91 ആയി കുറഞ്ഞു. കൂടുതല്‍ ജാഗ്രത തുടര്‍ന്നാല്‍ ഇനിയും നമുക്ക് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിക്കും.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുടര്‍ന്നും ശ്രദ്ധിക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും രോഗം ഉണ്ടാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. 

വാക്സിന്‍ ജനങ്ങളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും (രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ) ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. 

റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പരിശീലനസ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ ഒരു ഡോസ് വാക്സിനേഷന്‍ എങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരെയും  വിദ്യാര്‍ഥികളേയും ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

ഒക്ടോബര്‍ 4 മുതല്‍ ടെക്നിക്കല്‍, പോളിടെക്നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.  അതും ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായിട്ടാകും. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്‍ ആദ്യ ഡോസ് ഈയാഴ്ച തന്നെ  പൂര്‍ത്തീകരിക്കേണ്ടതാണ്. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ ഉടന്‍ തന്നെ അത് സ്വീകരിക്കേണ്ടതാണ്. 

കോവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ യോജിപ്പാണ്.  അക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര ഗവര്‍മെന്‍റുമായി ബന്ധപ്പെടും. 

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാല്‍ സ്കൂള്‍  അധ്യാപകരും ഈയാഴ്ച തന്നെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്സിനേഷനില്‍ സ്കൂളധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും.  പത്തു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് നിര്‍ദേശിച്ചു. 

ഇന്ന് അറിയിക്കാനുള്ള ഒരു പ്രധാന കാര്യം ആകെ വാക്സിനേഷന്‍ 3 കോടി ഡോസ് കടന്നു എന്നതാണ്.   ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്തെ വാക്സിനേഷന്‍ ആകെ ഡോസ് 3 കോടി കടന്നു. ഇന്ന് വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.30 ശതമാനവുമാണ്. 

നമ്മുടെ വാക്സിനേഷന്‍ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന്‍ ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമാണ് (16,50,40,591).

വാക്സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിനേഷനില്‍ തടസം നേരിട്ടു. എന്നാല്‍ ഇന്നലെ 10 ലക്ഷം ഡോസ് വാക്സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ വാക്സിനേഷന്‍ കാര്യമായി നടന്നു വരികയാണ്. കോവിഷീല്‍ഡ്/ കോവാക്സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കേണ്ടതാണ്. രണ്ട് വാക്സിനുകളും മികച്ച ഫലം തരുന്നവയാണ്. 

ഇന്നലെവരെയുള്ള കണക്കനുസരിച്ച് 2,38,782 കോവിഡ് കേസുകളില്‍, 12.82% വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് രോഗബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല എന്നാണ്. എന്നാല്‍ രോഗാതുരത ഉണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച്  അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആദ്യദിവസം തന്നെ  ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളും കണ്ടെയ്ൻമെന്‍റ് സോണുകളും കോവിഡ്  ജാഗ്രതാ പോര്‍ട്ടലിലും ജില്ലാ വെബ് സൈറ്റുകളിലും കൃത്യമായി പുതുക്കാതെ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  കണ്ടെയ്ൻമെന്റ്  സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും പുതുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ക്ക് നല്‍കും. ഇക്കാര്യം നിര്‍വഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനില്‍ നിന്നും ഐടി വിദഗ്ധനെ താല്‍ക്കാലികമായി നിയമിക്കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9654 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 8852 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 18,85,800 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.


കാലാവസ്ഥ


ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രഒഡീഷ തീരത്തിനടുത്തായി ഇന്നലെയോടെ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ഇന്ന് കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ  കാലവര്‍ഷം ദുര്‍ബലമാകുമെന്നാണ്  പ്രവചനം.

#360malayalam #360malayalamlive #latestnews #covid

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രി...    Read More on: http://360malayalam.com/single-post.php?nid=5662
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രി...    Read More on: http://360malayalam.com/single-post.php?nid=5662
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്