മഴക്കാല രോഗ വ്യാപനം തടയാന്‍ മുന്‍കരുതല്‍ നിര്‍ദേശം

മലപ്പുറം ജില്ലയിൽ മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. മഴ തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കോവിഡ് ചികിത്സക്കായി മാറ്റി ഏറ്റെടുത്തതിനാല്‍  പകര്‍ച്ച വ്യാധികള്‍ കൂടുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇടയാക്കുമെന്നും ഒരു പക്ഷേ മരണകാരണമാകാമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ കൃത്യമായി പരിസര ശുചീകരണം നടത്തി എലി കൊതുക്, ഈച്ച തുടങ്ങിയവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളും, ശനിയാഴ്ചകളില്‍ പൊതു സ്ഥലങ്ങളും, ഞായറാഴ്ചകളില്‍ വീടുകളിലും കൊതുക്, ഈച്ച, എലി എന്നിവ വളരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന്ന് ഡ്രൈ ഡേ ആചരിക്കണം. കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഉറവിടം നശിപ്പിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കണം.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനങ്ങള്‍.മഴക്കാലം ശക്തി പ്രാപിക്കുന്നതോട് കൂടി  കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ വാര്‍ഡ് തല ശുചിത്വ സമിതികളുമായി സഹകരിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം
ശുചീകരണത്തിന് 30,000 രൂപ വരെ ചെലവഴിക്കാം
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകളിലെയും നഗരസഭകളിലെയും  ഓരോ വാര്‍ഡിലും 30,000 രൂപ വരെ ചെലവഴിക്കാം.  ഇതില്‍ 10,000 രൂപ വീതം ദേശീയ ആരോഗ്യ ദൗത്യവും ശുചിത്വ മിഷനും നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് 10,000 രൂപയും വിനിയോഗിക്കണം. വാര്‍ഡ് തല പ്രവര്‍ത്തന രേഖയുടെ ആവശ്യകത അനുസരിച്ചാണ് ഈ തുക ചെലവഴിക്കേണ്ടത്. മുന്‍ വര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും തുക നല്‍കുക.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഡെങ്കിപ്പനി

കൊതുക് പടരുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം, വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാധ്യതകള്‍ ഒഴിവാക്കണം, കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ പാരപ്പറ്റുകള്‍ തുടങ്ങി വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, ഫ്രിഡ്ജ് ട്രേ,  കൂളര്‍ ട്രേ,  ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍,  തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകു ലാര്‍വകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം, കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കണം,  റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയത്ത് ചിരട്ടകള്‍ കമഴ്ത്തി വെയ്ക്കണം, വീടിന് പുറത്ത് വിറക്, കോഴിക്കൂട്, മറ്റ് ഷെഡുകള്‍ പോലുള്ളവ മൂടി വെക്കാന്‍ ഉപയോഗിക്കുന്ന ടാര്‍ പോളിന്‍ ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. കമുകിന്‍ തോട്ടങ്ങളില്‍ വീണ് കിടക്കുന്ന പാളകളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാന്‍ സാധ്യത ഉള്ളതിനാല്‍ പാളകള്‍ കീറി ഇടുകയോ ഒരു വള്ളിയില്‍ തൂക്കി ഇടുകയോ ചെയ്യണം. ആവശ്യമായ സാഹചര്യങ്ങളില്‍ സ്‌പ്രേയിങ് , ഫോഗിങ്  മുതലായവ ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.

എലിപ്പനി

 പ്രധാനമായും എലിയുടെ മൂത്രത്തിലൂടെയാണ് രോഗം പകരുന്നത്. അതിനാല്‍  എലിമൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യം ഒഴിവാക്കുക. കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. അഥവാ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. പ്രതിരോധത്തിന്ന് വേണ്ടി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഡോക്‌സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക. വെള്ളത്തില്‍ നിന്ന് കയറിയതിന്  ശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂട് വെള്ളത്തില്‍ കഴുകുക

മഞ്ഞപ്പിത്തം

തിളപ്പിച്ചാറിയ വെള്ളം മാത്രം കടിക്കുക,  മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക,  മലമൂത്ര വിസര്‍ജ്ജനത്തിന്ന് ശേഷം, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക,  തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക, ആഹാരം കഴിക്കുന്നതിന്ന് മുമ്പും, കുട്ടികള്‍ക്ക് നല്‍കുന്നതിന്ന് മുന്‍പും പാത്രങ്ങള്‍, സ്പൂണ്‍ മുതലായവ ചൂടു വെള്ളത്തില്‍ കഴുകുക,  സ്വയം ചികിത്സ അപകടമാണ്. അസുഖം വന്നാല്‍ ഉടന്‍ തന്നെ ശരിയായ വൈദ്യസഹായം തേടുക.

#360malayalam #360malayalamlive #latestnews #malappuram

മലപ്പുറം ജില്ലയിൽ മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര പ്ര...    Read More on: http://360malayalam.com/single-post.php?nid=4765
മലപ്പുറം ജില്ലയിൽ മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര പ്ര...    Read More on: http://360malayalam.com/single-post.php?nid=4765
മഴക്കാല രോഗ വ്യാപനം തടയാന്‍ മുന്‍കരുതല്‍ നിര്‍ദേശം മലപ്പുറം ജില്ലയിൽ മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്