മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്

സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ദിവസങ്ങള്‍ക്കു മുന്‍പ് നാലര ലക്ഷത്തിനടുത്ത് എത്തിയത് ഇന്നലെയുള്ള കണക്കനുസരിച്ച് 2,77,598 ആയി കുറഞ്ഞിരിക്കുന്നു. ഇന്നത് 2,59,179 ആണ്. 

രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ സഹായകമായിരിക്കുന്നു എന്ന് അനുമാനിക്കാം. പത്തു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യം ഇനിയും വന്നിട്ടില്ല. അതിന് ഇനിയും രണ്ടു മൂന്നാഴ്ചകള്‍ കൂടി പിന്നിടേണ്ടി വരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടി വന്നേക്കാം.  

മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടു. സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് ഇതിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാല്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ തുടരുകയും ഇയാളില്‍ നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്. മതിയായ ക്വാറന്‍റൈന്‍ സൗകര്യമില്ലാത്ത വീടുകളില്‍ നിന്ന് പോസിറ്റീവ് ആയവരെ സി എഫ് എൽ. ടി.സി യിൽ മാറ്റാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ക്യാറന്റെയിനിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും. 

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾ  ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എല്‍ടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷന്‍ സെന്‍ററുകള്‍ ഒരുക്കും. ഇവിടെ ഓക്സിജന്‍ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികില്‍സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാവും.

15 മെഡിക്കല്‍ ബ്ലോക്കുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ക്വാറന്‍റൈനിലുളളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. 

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആന്‍റിജന്‍ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 10,000 (പതിനായിരം) ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ സംഭരണി ഇന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകള്‍ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും. 

മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. 

തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.


രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കമുള്ളവരും പരിശോധനയ്ക്ക് സ്വയം സന്നദ്ധരായി സ്വയം  മുന്നോട്ടുവന്നാലേ രോഗവ്യാപനം തടയാന്‍ സാധിക്കൂ. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്. പാലക്കാട് ജില്ലയിലും കൂടുതല്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലയിലെ 43 പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നു. ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കാനും ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 


എറണാകുളം ജില്ലയില്‍ വ്യാപന തോതില്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ഒരു പഞ്ചായത്തില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഇവിടെ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.


കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശേരി പഞ്ചായത്തിലാണ്. 58 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അഴിയൂരില്‍ 55 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്. 


രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് രോഗത്തെക്കൂടി ഉള്‍പ്പെടുത്തി. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, മ്യൂകര്‍മൈകോസിസ് രോഗബാധ കണ്ടെത്തിയാല്‍ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. ബ്ലാക്ക് ഫംഗസ് കാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രോട്ടോകോള്‍ രൂപീകരിക്കും.


ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കും. 


ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കും.


മലഞ്ചരക്ക് കടകള്‍ വയനാട് ഇടുക്കി ജില്ലകളിൽ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാന്‍ അനുവദിക്കും. 


റബ്ബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ഗാര്‍ഡ് വാങ്ങണമെങ്കില്‍ അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവാദം നല്‍കും.


വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും.


വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണും. കോവി ഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്.  അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവർ തിരിച്ചു പോകേണ്ടത് എങ്കിൽ ജോലി നഷ്ടപ്പെടരുത്. ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയിൽ ഇളവ് അനുവദിക്കാൻ പറ്റും എന്ന് പരിശോധിക്കും. 


ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്ക് ധരിച്ചാണ് എഴുതേണ്ടത്. എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പില്‍ ഉണ്ടാകും.


രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തിലെ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി ആര്‍ജിക്കുക എന്നതാണ്. എന്നാല്‍, വാക്സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗതയോടെ വാക്സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ല. 

ഈ പ്രശ്നം നേരിടുന്നതിനാലാണ് വാക്സിനുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള ആഗോള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചത്. പക്ഷേ, ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ടെണ്ടറുകള്‍ ക്ഷണിക്കുന്നത് വാക്സിനുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായേക്കാം. അതിനാല്‍ ഓരോ സംസ്ഥാനത്തിന്‍റേയും വാക്സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തില്‍ ആവശ്യം വരുന്ന വാക്സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കും. 

ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടികള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 


സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുന്ന സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ രണ്ടാമത്തെ തരംഗത്തിന്‍റെ തുടക്കത്തില്‍ 106 ആശുപത്രികളാണുണ്ടായിരുന്നത്. അതിപ്പോള്‍ 252 ആശുപത്രികളായി ഉയര്‍ന്നിട്ടുണ്ട്. 122.65 കോടി രൂപയാണ് ഈ പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. 

കൂടുതല്‍ ആശുപത്രികള്‍ ഈ പദ്ധതിയുടെ ഭാഗമാകണമെന്നും ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യര്‍ഥിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ അദ്ധ്യക്ഷതയിലുള്ള പരാതി പരിഹാര സെല്‍ പരിശോധിച്ചു വരികയാണ്. അതനുസരിച്ച് സത്വരമായ നടപടികള്‍ കൈക്കൊണ്ട് പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.


മാസ്ക്കുകളുടെ ഉപയോഗം കോവിഡ് രോഗവ്യാപനം തടയാന്‍ ഏറ്റവും ഉപകാരപ്രദമായ പ്രതിരോധ മാര്‍ഗമാണ്. കോവിഡിനെ മാത്രമല്ല, വായു വഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാനും മാസ്ക്കുകള്‍ സഹായകമാണ്. മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങള്‍ പിടിപെടാനും കാരണമാകുമെന്ന് നമ്മളോര്‍ക്കണം.

തുണി കൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഉപയോഗശേഷം നന്നായി കഴുകി വെയിലില്‍ ഉണക്കണം. മഴക്കാലത്താണെങ്കില്‍ ഉണങ്ങിയാലും ഈര്‍പ്പം മുഴുവനായി കളയാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു തന്നെ ഉണക്കണം. സര്‍ജിക്കല്‍ മാസ്ക്കുകള്‍ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക 

എന്‍ 95 മാസ്കുകളും ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. എങ്കിലും വില കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ തവണ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

എന്‍95 മാസ്ക്കുകള്‍ വാങ്ങുമ്പോള്‍ 5 മാസ്ക്കുകള്‍ എങ്കിലും ഒരുമിച്ചു വാങ്ങുകയും ഒരു തവണത്തെ ഉപയോഗത്തിനു ശേഷം മലിനമായിട്ടില്ലെങ്കില്‍ ആ മാസ്ക്ക് ഒരു പേപ്പര്‍ കവറില്‍ സൂക്ഷിക്കുകയും ചെയ്യണം. മറ്റു നാലു മാസ്കുകള്‍ കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ചതിനു ശേഷം, ആറാമത്തെ ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്കുപയോഗിക്കാം. അതില്‍ കൂടുതല്‍ തവണയോ തുടര്‍ച്ചയായോ എന്‍95 മാസ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. 

മാസ്കുകള്‍ ഇത്തരത്തില്‍ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില്‍ വേണം നമ്മളുപയോഗിക്കാന്‍. മാസ്കുകള്‍ ഉപയോഗിക്കുന്നതും ബ്ളാക് ഫംഗസ് രോഗവും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ട് അശാസ്ത്രീയമായ സന്ദേശങ്ങള്‍ പരക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ബ്ളാക് ഫംഗസ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തടയാന്‍ ശരിയായ രീതിയില്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൊണ്ട് മാസ്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. 

സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

മലപ്പുറം അത്താനിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, കണ്ണൂര്‍ ന്യൂ മാഹി, തൃശൂര്‍ പോര്‍ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി സെന്‍ററുകള്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ക്യുഎഎസ് കിട്ടുന്നത് വലിയ നേട്ടം തന്നെയാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനം കേരളമാണ്. 

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍കോട് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്.

ഇതില്‍ ആകെ 119 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരമുള്ളത്. ഇതില്‍ മൂന്ന് ജില്ലാ ആശുപത്രികളും നാല് താലൂക്ക് ആശുപത്രികളുമുണ്ട്. 6500ഓളം വിഷയങ്ങള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്സ് ലഭിക്കും. 

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,094 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,304 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 31,70,050 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

#360malayalam #360malayalamlive #latestnews #covid #kerala

സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശ...    Read More on: http://360malayalam.com/single-post.php?nid=4493
സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശ...    Read More on: http://360malayalam.com/single-post.php?nid=4493
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്