മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്

കോവിഡ് വ്യാപനം തുടരുക തന്നെയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അതിനാല്‍ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരും. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കും.


ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതിൽ പെടുത്തും. 


വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും.


ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.


മെഡിസിന്‍ ആന്‍റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്‍റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. 

അമിതമായി ഗുരുരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിന്‍ ആശ്രയത്വം കുറക്കാന്‍ മരുന്ന് സഹായിക്കും. ഈ മരുന്നിന്‍റെ 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. ജൂണില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 


വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ സംഘടിപ്പിക്കാന്‍ വാക്സിന്‍ ഉല്‍പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്പസ്സില്‍ വാക്സിന്‍ കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാർ നടത്തി ഇതില്‍ ധാരണയിലെത്തും.


എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യ സാധനങ്ങൾക്ക് വേണ്ടി ആദിവാസികൾ പുറത്തു പോകുന്നത് ഈ ഘട്ടത്തിൽ പ്രശ്നമാകും. അക്കാര്യം ശ്രദ്ധിക്കാനാണ് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. 


അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കയ്യിൽ സൂക്ഷിക്കണം. 


രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. 

കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്‍റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്. 


കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്. 


ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് 2 മുതല്‍ 6 ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്‍റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. 

അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 


നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.

കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്. ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ല്‍ ആണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണം. 

വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് വൃത്തിയാക്കണം. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിറവേറ്റണം.     


അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും  വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. 

അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ 

ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.   


കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍ തടസ്സമില്ല. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പറത്തുപോകാതെ നോക്കുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. 


ലോക്ക്ഡൗണ്‍ സമയത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ സംവിധാനം വളരെ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. 

പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹൈവേ പട്രോള്‍ വാഹനങ്ങള്‍ മുഖേന ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേയ്ക്ക് മരുന്ന് എത്തിക്കുന്നത്. കോവിഡിന്‍റെ രണ്ടാം വ്യാപനഘട്ടത്തില്‍ വീണ്ടും ആരംഭിച്ച ഈ പദ്ധതിയിലൂടെ രണ്ടാഴ്ചകൊണ്ട് 910 പേര്‍ക്ക് മരുന്ന് എത്തിച്ചു. 


കോവിഡ് കാലത്ത് ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങള്‍ മാനസികമായി ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് ആശ്വാസം നല്‍കാനായി 

'പ്രശാന്തി' എന്ന ഹെല്‍പ്പ്ലൈന്‍ സംവിധാനം പൊലീസിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെതന്നെ കുട്ടികള്‍ക്ക് മാനസിക ഉല്ലാസം പകര്‍ന്നുനല്‍കാനായി 'ചിരി' എന്ന ഹെല്‍പ്പ്ലൈന്‍ സംവിധാനം മുഖേനയും പൊലീസ് വളരെ കൃത്യമായി ഇടപെടല്‍ നടത്തിവരുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 34,08,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.


നമ്മുടെ പ്രവാസി സഹോദരങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു കാര്യം അറിയിക്കാനുണ്ട്. പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്‍റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് നമ്മുടെ പ്രവാസലോകം കാണിച്ചത്. 

മഹാമാരി സൃഷ്ടിച്ച ഈ പ്രയാസകാലത്തും ഡിവിഡന്‍റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിനായി സബ്സിഡി 0.7 ശതമാനമാണ് വര്‍ധിപ്പിച്ചത്.

കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം  ഉറപ്പുനല്‍കുന്ന  ഈ  പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞവര്‍ഷം പ്രവാസികള്‍ നല്‍കിയത്. ഇത്തവണയും അത് തുടരുമെന്ന് പ്രത്യാശിക്കുന്നു. പ്രവാസി ഡിവിഡന്‍റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

#360malayalam #360malayalamlive #latestnews #cm #kerala

കോവിഡ് വ്യാപനം തുടരുക തന്നെയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ട്രിപ്പ...    Read More on: http://360malayalam.com/single-post.php?nid=4444
കോവിഡ് വ്യാപനം തുടരുക തന്നെയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ട്രിപ്പ...    Read More on: http://360malayalam.com/single-post.php?nid=4444
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് കോവിഡ് വ്യാപനം തുടരുക തന്നെയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്