നാളെ അര്‍ദ്ധരാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും - മുഖ്യമന്ത്രി

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പുറപ്പെടുവിക്കും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും. 

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും. 


ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്‍റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും.

ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണം.


ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറുമണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.


ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ മുഴുവനായും അടയ്ക്കും.


കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7,669 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 3,561 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 26,50,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.


തിരുവനന്തപുരം ജില്ലയില്‍  710 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. എല്ലാ ദുരിതാശ്വാസ ക്യമ്പുകളിലും കര്‍ശന കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ കഴിയുകയായിരുന്നവരെ ഏറ്റവുമടുത്ത കരുതല്‍ വാസകേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. 


കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സെഷനുകള്‍ റദ്ദാക്കിയിരുന്നു. ഇന്ന് 59 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കുന്നു.  


കൊല്ലം ജില്ലയില്‍ അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ യൂണിറ്റുകള്‍, ചെറുകിട വ്യാപാരികള്‍, വ്യവസായ അസോസിയേഷനുകള്‍ എന്നിവരുടെ കൈവശമുള്ള വ്യവസായ ഓക്സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കാന്‍ തുടങ്ങി.


പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്ക മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പോസിറ്റീവാകുന്നവര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍, മറ്റ് ആളുകള്‍ എന്നിങ്ങനെ പ്രത്യേകമായി താമസിപ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു.

ആലപ്പുഴയില്‍ കോവിഡ് ബാധിതരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷത്തിന് ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ ഇവയെ സംരക്ഷിക്കുന്നതിനായി താല്‍ക്കാലിക ഷെഡുകള്‍, കാലിത്തീറ്റ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, പാല്‍ കറവയ്ക്കുള്ള സംവിധാനം, മൃഗങ്ങളുടെ ചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതി നടപ്പിലാക്കും.


കോഴിക്കോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 19,500 പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങും. പഞ്ചായത്തുകളില്‍ 200 വീതവും മുനിസിപ്പാലിറ്റികളില്‍ 500 വീതവും കോര്‍പ്പറേഷനില്‍ 2000 എണ്ണവുമാണ് വാങ്ങുക. 


നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുതിയ നിര്‍ദ്ദേശ പ്രകാരം 12 ആഴ്ച കഴിഞ്ഞാല്‍ മാത്രമേ, കോവിഷീല്‍ഡ് രണ്ടാമത്തെ വാക്സിന്‍ ലഭ്യമാവുകയുള്ളു. സോഫ്റ്റ്വെയറില്‍ രണ്ടാമത്തെ ഡോസ് എന്‍റര്‍ ചെയ്യാന്‍ അത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ സാധിക്കൂ. എങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 

വിദേശങ്ങളിലേയ്ക്കു മറ്റും തിരിച്ചു പോകേണ്ടവര്‍ക്ക് ഇതു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, അക്കാര്യത്തില്‍ ഒരു ഭേദഗതി 

വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. വാക്സിന്‍ വിതരണം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടത്.ڔ


18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം,ڔലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്ഐവി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരുംڔഅവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉള്‍പ്പെടെ ഏകദേശം 20 കാറ്റഗറികളില്‍ പെടുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ ചെയ്ത്, വാക്സിന്‍ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കാന്‍ തയ്യാറാകണം.


കോവിഡ് രോഗികളില്‍ പരമാവധി ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ് ചികിത്സ നല്‍കിവരുന്നത്. അതിനു പുറമേ, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും, കണ്‍ട്രോള്‍ സെല്ലുകളില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടവരും കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കളായവരും ഉള്‍പ്പെടെയുള്ള 39,280 പേരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ വഹിക്കുകയും ചെയ്തിട്ടുണ്ട്. 102 കോടി രൂപ ഇതുവരെ അതിനായി ചെലവഴിച്ചു കഴിഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 


വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പ്രത്യേകം രാഷ്ട്രീയം കാണും. എന്നാല്‍ അവര്‍ കൂട്ടായി ഒരുമയോടെയാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കൊടി വെച്ചും ചിഹ്നം വെച്ചും ഉള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കരുത്. കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. വളണ്ടിയര്‍മാര്‍ അതത് സ്ഥലത് തന്നെ ഉള്ളവര്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങൾ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണം. 


മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ട്. കോവിഡ് വരുന്നതിന് മുന്‍പും  ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍ പെട്ടതാണ്. ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്തു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഇന്‍ഫക്ക്ഷന്‍ ഡിസീസ്  ഡിപ്പാര്‍ട്ട്മെന്‍റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.


ഇന്നലെ നല്ല രീതിയില്‍ ഓക്സിജന്‍ അശുപത്രികളില്‍ എത്തിക്കാനായി. ഇന്ന് ഇത് സംബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ഓക്സിജന്‍ ട്രെയിന്‍ കൂടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ ഒരു ട്രെയിന്‍ നാളെ പുലര്‍ച്ചെ വല്ലാര്‍പാടത്ത് എത്തും. കാലാവസ്ഥ പ്രശ്നം കാരണം ഓക്സിജന്‍ ലഭ്യതയില്‍ തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.


യൂറോപ്പിലും അമേരിക്കയിലും രണ്ടും  മൂന്ന് തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല.  എന്നാല്‍ കുട്ടികള്‍ രോഗവാഹകരായേക്കാം എന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കും രോഗം വരാം. പക്ഷെ  ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും. 

അതുകൊണ്ട് കുട്ടികളുടെ കാര്യത്തില്‍  അമിതമായ ഭീതി പരത്തരുത്.  മുതിര്‍ന്നവരുമായി ഇടപെടല്‍ കുറക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ കുട്ടികളുടെ കാര്യത്തിലും കൃത്യമായി പാലിക്കണം. 


അതിഥി തൊഴിലാളികള്‍ക്ക് കിറ്റുകള്‍ കിറ്റ് വിതരണം പൂര്‍ത്തിയായി വരുന്നു.  ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്കും നല്‍കി വരികയാണ്. ഇടുക്കി, വയനാട് ജില്ലകളിലെ ലയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മരുന്നും മറ്റും നല്‍കുന്നുണ്ട്. ആരും തിരികെ നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇവിടെ തുടര്‍ന്ന് ജോലി ചെയ്യാനാണ് മിക്കവര്‍ക്കും താല്‍പര്യം.


ആയുര്‍വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് കഴിഞ്ഞകാലങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.   കുട്ടികള്‍ക്കും അത് നല്‍കാവുന്നതാണ്.  അതിനുള്ള നടപടികള്‍ എടുക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. 


*കാലാവസ്ഥ*


അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ കേന്ദ്രം നമ്മുടെ തീരത്തുനിന്ന് വടക്കോട്ട് സഞ്ചരിച്ചെങ്കിലും കേരളത്തില്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം തുടരുകയാണ്. 

അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പ്രഭാവമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 


സംസ്ഥാനത്ത് വ്യാപകമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് ദിവസമായി പെയ്യുന്ന അതിതീവ്ര മഴയും അതിശക്തമായ കാറ്റും സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 

കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം കേരളത്തില്‍ ആകെ രേഖപ്പെടുത്തിയ മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. കൊച്ചി, പീരുമേട് സ്റ്റേഷനുകളില്‍ 200 മില്ലിമീറ്ററിന് മുകളിലുള്ള മഴ 24 

മണിക്കൂറില്‍ രേഖപ്പെടുത്തി. ഒട്ടുമിക്കയിടങ്ങളിലും അതിശക്തമായ മഴ തന്നെയാണ് രേഖപ്പെടുത്തിയത്.


വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയും ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. കാറ്റ് വലിയ തോതിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണുമാണ്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുകയാണ്. 

നമ്മുടെ പറമ്പിലും സമീപത്തുമുള്ള മരങ്ങള്‍ കൊത്തി ഒതുക്കലും അപകടരമായ അവസ്ഥയിലുള്ളവയെ  സുരക്ഷിതമാക്കുകയും ചെയ്യേണ്ടതുണ്ട്. 


ചുഴലിക്കാറ്റ് മാറി പോയാലും അടുത്ത ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തും. കാലവര്‍ഷം കേരളത്തിലെത്തുക മെയ് 31നോട് കൂടിയായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കാലവര്‍ഷത്തിലും നമുക്ക് മരങ്ങള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതല്‍ ഉണ്ടാവാറുള്ളത്. അതുകൊണ്ട് ഈ കാര്യത്തില്‍ നല്ല ഗൗരവം കാണിക്കേണ്ടതുണ്ട്. 


മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മള്‍ ഒരു മഴക്കാലത്തിലല്ല ഉള്ളത് എന്നത് കൊണ്ട് തന്നെ വലിയ പ്രളയ ഭീതിയുടെ സാഹചര്യമില്ല. എന്നിരുന്നാലും അതിശക്തമായ മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് അപകടാവസ്ഥയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 


പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ അണക്കെട്ടുകളില്‍ വലിയ അളവില്‍ വെള്ളം സംഭരിക്കപ്പെട്ടിട്ടില്ല. ആ കാര്യത്തിലും ആശങ്ക വേണ്ട. ചെറിയ ചില അണക്കെട്ടുകള്‍ തുറക്കുകയും നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരം അണക്കെട്ടുകള്‍ക്ക് കീഴില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം. 


രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. 9 ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. കേരളത്തിന്‍റെ തീരം സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു എന്നത്  ഗൗരവമായി കാണണം. കടൽ ഭിത്തി നിര്‍മിച്ചത് കൊണ്ടുമാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരം ആകുന്നില്ല എന്നത്  കാണണം. 


അപകടാവസ്ഥയില്‍ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷക്കായുള്ള ഒരു ശാശ്വത പരിഹാരമെന്ന നിലക്കാണ് 'പുനര്‍ഗേഹം' എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. 50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ അപകട സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വെക്കാനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. ഇപ്പോള്‍ നമ്മള്‍ ഒരു അടിയന്തര സാഹചര്യത്തിലാണ്. 

ചുഴലിക്കാറ്റ് മൂലമുള്ള കടല്‍ക്ഷോഭം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ നമ്മള്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി ആരുടേയും ജീവന്‍ അപകടത്തില്‍ പെടുന്നില്ല എന്നുറപ്പാക്കുകയാണ് വേണ്ടത്. എല്ലാവരുടെയും സഹകരണം ഈ കാര്യത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്. 


കഴിഞ്ഞ 2 ദിവസമായി കേരളത്തില്‍ തുടരുന്ന ശക്തമായ പ്രകൃതിക്ഷോഭത്തില്‍ 2 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ആളുകള്‍ മരണപ്പെട്ടത്. രണ്ടുപേരും മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ശക്തമായ മഴയും കാറ്റുമുള്ള ഘട്ടത്തില്‍ ജലാശയത്തില്‍ ഇറങ്ങുന്നതും നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. 


കാലവര്‍ഷം ശക്തമാവുകയും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കണ്ടാല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കാനും പാലിക്കാനും എല്ലാവരും  തയ്യാറാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്. 


ക്യാമ്പുകളിലേയ്ക്ക് മാറാനുള്ള നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ കോവിഡ് പകര്‍ന്നേക്കാം എന്ന ആശങ്ക കാരണം മാറാതെ ഇരിക്കരുത്. 

ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായി ക്യാമ്പുകള്‍ നടത്താനുള്ള രീതി തയ്യാറാക്കിയിട്ടുണ്ട്. രോഗികളായവരെ, ക്വാറന്റയിനിൽ കഴിയുന്നവരെയൊക്കെ  പ്രത്യേകമായി തന്നെ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. അതുകൊണ്ട് ക്യാമ്പുകളിലേയ്ക്ക് മാറാന്‍ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ അത് പിന്തുടരാന്‍ വൈമുഖ്യം കാണിക്കരുത്. ക്യാമ്പുകളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും പരമാവധി ശ്രദ്ധിക്കണം. 

ആളുകള്‍ ക്യാമ്പുകളില്‍ തിങ്ങി നില്‍ക്കാന്‍ പാടില്ല. മാസ്കുകള്‍ നിര്‍ബന്ധമായും ധരിക്കണം. ക്യാമ്പിലേയ്ക്ക് വരുമ്പോള്‍ കയ്യില്‍ കരുതേണ്ട എമര്‍ജന്‍സി കിറ്റില്‍ സാനിറ്റൈസറര്‍, മാസ്ക്, മരുന്നുകള്‍, മരുന്നുകളുടെ കുറിപ്പുകള്‍ തുടങ്ങിയവ കരുതണം. സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പ്രധാന രേഖകള്‍ എന്നിവയും കയ്യില്‍ കരുതണം.

ക്യാമ്പുകളില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനലുകള്‍ തുറന്നിട്ട് പരമാവധി വായു സഞ്ചാരം ഉറപ്പു വരുത്തുകയും വേണം. ക്യാമ്പിലെത്തുന്നവര്‍ക്ക് ടെസ്റ്റിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം. 

ഈ മാസം സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ 543 കുടുംബങ്ങളിലായി 2094 പേര് കഴിയുന്നുണ്ട്. ഇതില്‍ 821 പുരുഷന്മാരും 850 സ്ത്രീകളും 423 കുട്ടികളുമുണ്ട്. 

തിരുവനന്തപുരം ജില്ലയില്‍ 19 ക്യാമ്പുകളിലായി 672 പേരും, കൊല്ലം ജില്ലയിലെ 10 ക്യാമ്പുകളില്‍ 187 പേരും ആലപ്പുഴ ജില്ലയിലെ 10 ക്യാമ്പുകളിലായി 214 പേരും എറണാകുളം ജില്ലയില്‍ 17 ക്യാമ്പുകളില്‍ 653 പേരും ഉണ്ട്. കോട്ടയത്തെ 2 ക്യാമ്പുകളില്‍ 24 പേരും, തൃശൂരിലെ 7 ക്യാമ്പുകളില്‍ 232 പേരും, മലപ്പുറത്തെ 3 ക്യാമ്പുകളില്‍ 53 പേരും, കോഴിക്കോട് ജില്ലയിലെ 3 ക്യാമ്പുകളില്‍ 59 പേരുമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews #kerala #tripplelockdown

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത...    Read More on: http://360malayalam.com/single-post.php?nid=4348
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത...    Read More on: http://360malayalam.com/single-post.php?nid=4348
നാളെ അര്‍ദ്ധരാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും - മുഖ്യമന്ത്രി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതു സംബന്ധിച്ച വിശദമായ ഉത്തരവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്