സംസ്ഥാനത്ത് ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാകുന്നു : മുഖ്യമന്ത്രി

ഇന്ന് 41971 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 148546 പേരെ പരിശോധിച്ചു.  അറുപത്തിനാല് പേർ  മരണമടഞ്ഞു. 417101   പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ലോക്ക് ഡൗൺ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാകുന്നുണ്ടെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ പൊതുവെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ട്. കോവിഡ് ആദ്യ തരംഗം ഉണ്ടായപ്പോൾ    നിയന്ത്രിക്കാനും പ്രതിരോധിക്കാനും നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. ആ  ഇടപെടൽ ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചു. കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും അതിനെ പ്രശംസിച്ചു.  

രണ്ടാം തരംഗത്തിൽ നാം കൂടുതൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിൽ കാണുന്നത്.  ആദ്യഘട്ടത്തിൽ എന്നപോലെ നിർണായകമായ പങ്കുവഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയും.  

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പ്രതിനിധികളുമായി ഇന്ന്  ആശയവിനിമയം നടത്തി.  ജനങ്ങളെ അണിനിരത്തിയും സർക്കാരുമായി കൈകോർത്തും ശക്തമായ പ്രതിരോധം തീർക്കുന്നതിന് എല്ലാ കഴിവും ഉപയോഗിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിർദേശിക്കുകയുണ്ടായി. ഒന്നാംഘട്ടത്തിൽ മികച്ച പ്രവർത്തനം നടത്തിയവരും അതിന് നേതൃത്വം നൽകിയവരുമായ കുറച്ചുപേർ ഈ ഘട്ടത്തിലും പ്രാദേശിക സ്ഥാപനങ്ങളുടെ പ്രതിനിധികളായി തുടരുന്നുണ്ട്. അവരുടെ അനുഭവ പരിജ്ഞാനം കൂടി ഉപയോഗപ്പെടുത്തി പ്രതിരോധ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങണം എന്നാണ് അഭ്യർത്ഥിച്ചിട്ടുള്ളത്. 

രണ്ടാം ഘട്ടത്തിൽ പ്രതിരോധത്തിന് സഹായകമായി ചില ഘടകങ്ങളുണ്ട് എന്നത് ആശ്വാസകരമാണ്.  ആരോഗ്യപ്രവർത്തകർ, പോലീസ്,  സർക്കാർ ഉദ്യോഗസ്ഥർ,  60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞു എന്നതാണ് ഈ അനുകൂല സാഹചര്യം. 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷനും ആരംഭിച്ചിരിക്കുകയാണ്.  വാക്സിൻ എടുത്തു എന്നതുകൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല.  

കോവിഡിന്റെ തീവ്ര വ്യാപനം തടയുക,  രോഗബാധിതർക്ക് നല്ല ചികിത്സാസൗകര്യം ഉറപ്പാക്കുക, അതോടൊപ്പം എല്ലാവർക്കും വാക്സിൻ നൽകുക - ഇതാണ് സർക്കാരിന്റെ നയവും അടിയന്തര കടമയും. 

വലിയതോതിൽ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഒരു ഘട്ടത്തിൽ ടി.പിആർ 28 ശതമാനം വരെ എത്തിയിരുന്നു. അതിൽ  അല്പം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന  നിലയിലേക്ക് നാം  എത്തിയിട്ടില്ല. ടി.പി. ആർ  കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണം. 

ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്.  വേണ്ടത്ര സി എഫ് എൽ ടി സികളോ  സി എൽ ടി സി കളോ വീടുകളിൽ ചികിത്സിക്കാൻ സൗകര്യം ഇല്ലാത്തവർക്കുള്ള  കേന്ദ്രങ്ങളോ ഇല്ല. ഇത്തരം കുറവുകൾ അടിയന്തരമായി പരിഹരിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങൾ നടത്തണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ കഴിയണം.  ഇതിന്റെ  ഭാഗമായി ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെയും  സന്നദ്ധ പ്രവർത്തകരെയും  ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണം. 

ആദ്യഘട്ടത്തിൽ ഏറ്റവും നന്നായി പ്രവർത്തിച്ചത് വാർഡ്തല സമിതികളായിരുന്നു. ഈ ഘട്ടത്തിൽ പലയിടത്തും വാർഡ്തല സമിതികൾ സജീവമല്ല. വാർഡ്തല സമിതികൾ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.  അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതികൾ രൂപീകരിക്കണം. 

വാർഡ് തല നിരീക്ഷണ സമിതികൾ അവരുടെ വാർഡിലെ വീടുകൾ സന്ദർശിച്ച് പൊതുവായ വിലയിരുത്തൽ നടത്തേണ്ടത് അനിവാര്യമാണ്.  വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ  മുനിസിപ്പാലിറ്റി -  കോർപ്പറേഷൻ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോർട്ട് ചെയ്യണം.  ചില കാര്യങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണസംവിധാനത്തിന്റെയോ ഇടപെടലോ  സഹായമോ ആവശ്യമായിരിക്കും.  അത്തരം കാര്യങ്ങൾ അവരെ അറിയിക്കണം. 

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.  അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുക യാണെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. 

ബോധവൽക്കരണവും പ്രധാനമാണ്. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്   കൂടുതൽ ബോധവൽക്കരണം ആവശ്യമുണ്ട്. ഇതിന്റെ  ഉത്തരവാദിത്വവും വാർഡ് തല സമിതികൾ ഏറ്റെടുക്കണം.  സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് വളരെ ഫലപ്രദമായി നിർവഹിക്കാൻ കഴിയും. 

രോഗം ബാധിച്ചവർക്ക് വൈദ്യസഹായം എപ്പോൾ വേണം, ആശുപത്രി സേവനം എപ്പോൾ വേണം എന്നീ കാര്യങ്ങളിൽ വാർഡ് തല സമിതികൾക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ  അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയ്യാറാക്കണം.  ആംബുലൻസ് തികയുന്നില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ലിസ്റ്റും കരുതി വെക്കണം. 

ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങൾക്ക് അമിതവില ഈടാക്കുന്ന പ്രശ്നമുണ്ടെങ്കിൽ ജില്ലാ ഭരണസംവിധാനത്തിന്റെ  ശ്രദ്ധയിൽപ്പെടുത്തണം. പൾസ് ഓക്സിമീറ്റർ ,  മാസ്ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ  കർശന നടപടി എടുക്കും.  തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വാർഡ് തല സമിതികൾക്ക് ആവശ്യമായ സഹായം അപ്പപ്പോൾ ലഭ്യമാക്കണം.  വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയും. ശവശരീരം മാനദണ്ഡങ്ങൾ പാലിച്ചു  കൊണ്ട് മറവ് ചെയ്യാനോ സംസ്കരിക്കാനോ ഉള്ള  സഹായവും വാർഡ് തല സമിതികൾ നൽകണം. മുൻപ് വാങ്ങിയവരിൽ നിന്നും പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിൻ്റെ ഒരു പൂൾ ഉണ്ടാക്കാനും വാർഡ് തല സമിതികൾ നേതൃത്വം കൊടുക്കണം. 

അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ ജില്ലാ ഭരണസംവിധാനത്തെയോ അറിയിക്കണം.  

വാർഡ് തല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുൻ നിര പ്രവർത്തകരായാണ് കാണുന്നത്. 18 - 45 പ്രായത്തിലുള്ളവർക്ക്  വാക്സിൻ നൽകുമ്പോൾ ഇവർക്ക് മുൻഗണന ഉണ്ടാവും. കാരണം രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരാണ് വാർഡ് സമിതി അംഗങ്ങൾ. അവർ സ്വയം മുൻകരുതൽ സ്വീകരിക്കുകയും വേണം.  

പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം.  സന്നദ്ധപ്രവർത്തകർ, മെഡിക്കൽ രംഗത്തുള്ളവർ, പാരാമെഡിക്കൽ രംഗത്തുള്ളവർ എന്നിവരുടെ പട്ടിക ആദ്യമേ തയ്യാറാക്കണം.

വയോജനങ്ങളുടെ എണ്ണം കേരളത്തിൽ താരതമ്യേന കൂടുതലാണ്. പലരും മറ്റു വിവിധ രോഗങ്ങൾ ഉള്ളവരുമാണ്. അതുപോലെ അശരണരും കിടപ്പുരോഗികളും ഉണ്ട്.  ഇവരുടെ പട്ടിക വാർഡ് തലസമിതികൾ തയ്യാറാക്കണം. ഇവർക്ക് വൈദ്യസഹായം ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം. 

പ്രാദേശിക സ്ഥാപനതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും ഇന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും കൺട്രോൾറൂമിൽ ഉണ്ടാകണം. ഇതിന്റെ  ഭാഗമായി മെഡിക്കൽ ടീമിനെ സജ്ജമാക്കണം.  സാധിക്കുമെങ്കിൽ ഒന്നിലധികം മെഡിക്കൽ ടീം രൂപീകരിക്കണം. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ അതത് പ്രദേശത്തെ മെഡിക്കൽ ടീമിൽ പെടുത്താവുന്നതാണ്. 

കാര്യങ്ങൾ പെട്ടെന്ന് ചെയ്യുക എന്നതാണ് പ്രധാനം. എങ്കിൽ ഒരുപാട് പേരെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയും. നമ്മുടെ സംസ്ഥാനത്ത് ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. ലോക് ഡൗൺ  ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവർ ഉണ്ട്.  അവർക്ക് അത് എത്തിച്ചു കൊടുക്കണം. 

പട്ടിണി വരാവുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണം. യാചകരും തെരുവുകളിൽ കഴിയുന്ന വരുമുണ്ട്.  എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം.  ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകും.  ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം.  ആദിവാസി മേഖലയിൽ പ്രത്യേകം ശ്രദ്ധിക്കണം. 

അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം.  പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്.  പോസിറ്റീവ് അയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാർപ്പിക്കണം. നിർമ്മാണപ്രവർത്തനം സർക്കാർ അനുവദിച്ചിട്ടുണ്ട്.  തൊഴിലാളികളെ സൈറ്റിൽ തന്നെ താമസിപ്പിക്കണം.  അല്ലെങ്കിൽ വാഹനത്തിൽ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്.  ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് മേൽനോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം. 

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഒരു ഗതാഗത പ്ലാൻ ഉണ്ടാവണം. ആംബുലൻസ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാൻ കഴിയണം. ഒരു പഞ്ചായത്തിൽ അഞ്ച്  വാഹനവും ഒരു നഗരസഭയിൽ പത്ത്  വാഹനവും ഉണ്ടാകണം.  വാർഡ് തല സമിതികളുടെ വശം പൾസ് ഓക്സിമീറ്റർ കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വാർഡ്തല സമിതിയുടെ കയ്യിൽ അഞ്ച്  ഓക്സിമീറ്റർ എങ്കിലും കരുതുന്നത് നല്ലതാണ്. 

പഞ്ചായത്ത് - നഗരസഭാ തലത്തിൽ ഒരു കോർ ടീം വേണമെന്നും  നിർദ്ദേശിച്ചിട്ടുണ്ട്.  പഞ്ചായത്ത് - നഗരസഭ അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ സെക്രട്ടറി, ആരോഗ്യ സമിതി ചെയർമാൻ,  പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, സെക്ടറൽ മജിസ്ട്രേറ്റ്,  മെഡിക്കൽ ഓഫീസർ എന്നിവർ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യാം. 

കോവിഡ് പ്രതിരോധത്തോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  മാർക്കറ്റുകൾ ശുചിയാക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

സർക്കാരിന്റെ  നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തീരുമാനങ്ങൾ അടിയന്തരമായി എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.  തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുത്താൽ എല്ലാം ഭംഗിയായി നിർവഹിക്കാൻ കഴിയും.  അതിനുള്ള ശക്തി അവർക്കുണ്ട്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിക്കും.

ഒരു വ്യക്തിയ്ക്ക് കോവിഡ് രോഗബാധയുണ്ടാവുമ്പോൾ ഏതു രീതിയിൽ ആണ് രോഗിയും ആരോഗ്യസംവിധാനങ്ങളും പ്രവർത്തിക്കേണ്ടത് എന്നുള്ളതിന് കൃത്യമായ രീതി  രൂപപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിലായാലും സർക്കാർ ലാബിലായാലും ടെസ്റ്റ് റിസൾട്ടുകൾ അതാത് ജില്ലകളിലെ ഡി.പി.എം.എസ്.യുകളിലേയ്ക്ക് അയക്കും. അവിടെ റിസൾട്ടുകൾ എത്തിയാൽ ഉടനെ റാപ്പിഡ് റെസ്പോൺസ് ടീമിനു (ആർ.ആർ.ടി) കൈമാറും. അതിനിടയിൽ എസ്.എം.എസ് ആയിട്ട് റിസൾട്ട് ടെസ്റ്റ് ചെയ്ത വ്യക്തിയ്ക്ക് അയക്കും. അത് റിസൾട്ട് അറിയാനുള്ള മൊബൈൽ ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സാധിക്കും. 

രോഗം പോസിറ്റീവ് ആയ വ്യക്തിയെ ആർ.ആർ.ടി നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യസംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോണ്ടാക്റ്റ് പോയിൻ്റ്. ഈ ഉദ്യോഗസ്ഥൻ രോഗിയുടെ മറ്റു രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിക്കും. രോഗലക്ഷണങ്ങൾ തീരെയില്ലാത്തവരേയും  നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരേയും വീടുകളിൽ തന്നെ ക്വാറൻ്റൈൻ ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകും. 

വീട്ടിൽ ക്വാറൻ്റൈൻ ഇരിക്കാൻ പ്രയാസമുള്ളവർ അവരുടെ പ്രദേശത്തെ വാർഡ് തല സമിതിയുമായി ബന്ധപ്പെടണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സജ്ജീകരിച്ച ഡൊമിസിലിയറി കെയർ സെൻ്ററുകൾ അവർക്കു വേണ്ടി ലഭ്യമാക്കും. 

രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റംഗങ്ങളും സാധാരണ ഗതിയിൽ പ്രൈമറി കോണ്ടാക്റ്റിൽ വരുന്നവർ ആയിരിക്കും. ഈ ഘട്ടത്തിൽ അവർക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് രോഗികളാകുന്ന എല്ലാവരും തന്നെ അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്സൺ ആയ വാർഡ് മെമ്പറുടെ നമ്പർ കയ്യിൽ കരുതണം. ഇത് വളരെ പ്രധാനമാണ്. 

വീടുകളിൽ കഴിയുന്നവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലോ, പൾസ് ഓക്സി മീറ്ററിൽ ഓക്സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടതാണ്. അത്തരമൊരു ഘട്ടത്തിൽ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്പോൺസ് ടീമിലെ കോണ്ടാക്റ്റ് പേർസണെ ആ വിവരം അറിയിക്കുക എന്നതാണ്. ആർ.ആർ.ടി ആ വിവരം ജില്ലാ കണ്ട്രോൾ യൂണിറ്റിലേയ്ക്ക് കൈമാറുകയും  ജില്ലാ കണ്ട്രോൾ യൂണിറ്റ് ഷിഫ്റ്റിംഗ് ടീമിനു നിർദ്ദേശം നൽകുകയും ചെയ്യും. രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഈ ഷിഫ്റ്റിംഗ് ടീം രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്ക്കോ, സി.എസ്.എൽ.ടിസിയിലേയ്ക്കോ, കോവിഡ് കെയർ ഹോസ്പിറ്റലുകളിലേയ്ക്കോ, ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്കോ മാറ്റുന്നതായിരിക്കും. 

ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തി മെഡിക്കൽ ഷിഫ്റ്റിംഗ് സംവിധാനത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഷിഫ്റ്റിംഗ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. 

ഓരോ വാർഡ് സമിതിയും സാധ്യമെങ്കിൽ ആരോഗ്യ സന്നദ്ധ സേനയ്ക്ക് രൂപം നൽകണം. കോർപ്പറേഷൻ-മുനിസിപ്പൽ മേഖലകളിൽ കേരള സാമൂഹ്യ സുരക്ഷാ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന വയോമിത്രം മൊബൈൽ ഇൻ്റർവെൻഷൻ യൂനിറ്റുകളുടെ സേവനവും ഈ ഘട്ടത്തിൽ ഉപയോഗിക്കാവുന്നതാണ്. നിലവിൽ 106 മൊബൈൽ മെഡിക്കൽ യൂനിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. 

രോഗികളെ ആശുപത്രികളിലേയ്ക്ക് മാറ്റുമ്പോൾ, ഏതു ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന നിർദ്ദേശം ജില്ലാ കണ്ട്രോൾ സെൻ്ററുകൾ നൽകും. എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളിലേയും ഐസിയു, വെൻ്റിലേറ്റർ, ബെഡുകൾ, ഓക്സിജൻ തുടങ്ങിയവയുടെ ലഭ്യത, രോഗികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെല്ലാം നിർബന്ധമായും ജില്ലാ കണ്ട്രോൾ സെൻ്ററുകളിൽ നിരന്തരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഈ കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കും രോഗിയെ ഏതു ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത്. 

ഓരോ പഞ്ചായത്തിലും കോവിഡ് കോൾ സെൻ്ററുകൾ രൂപീകരിച്ച് ഉടനടി പ്രവർത്തനം ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കോൾ സെൻ്ററുകൾ അതാതു ജില്ലകളിലെ കണ്ട്രോൾ സെൻ്ററുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം. ആ ഏകോപനം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ കലക്ടർമാർക്കാണ്. 

വീടുകളിൽ കഴിയുന്നവർക്ക് കോവിഡ് ഉൾപ്പെടെയുള്ള ഏതു രോഗബാധയാണെങ്കിലും ഇ-സഞ്ജീവനി വഴി ടെലിമെഡിസിൻ സേവനം നേടാവുന്നതാണ്. ആശുപത്രികളിലേയ്ക്ക് പോകുന്നതിനു പകരം കഴിയാവുന്നത്ര ഈ സേവനം ഉപയോഗിക്കാൻ എല്ലാവരും ശ്രമിക്കണം

ബെഡുകൾ, ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ, ഓക്സിജൻ ബെഡുകൾ തുടങ്ങിയവ കോവിഡ് രോഗികളുടേയും കോവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിൻ്റെ വിശദാംശങ്ങൾ എല്ലാ സർക്കാർ - സ്വകാര്യ ആശുപത്രികളും ഓരോ നാലു മണിക്കൂർ കൂടുന്തോറും നിർബന്ധമായും ജില്ലാ കണ്ട്രോൾ സെൻ്ററുകളിൽ റിപ്പോർട്ട് ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്നത് സർക്കാർ ഓഡിറ്റിംഗിൻ്റെ ഭാഗമായി കണ്ടെത്തിയാൽ കേരള എപിഡമിക് ഡിസീസസ് ആക്റ്റ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്റ്റ് എന്നിവ അനുസരിച്ച് കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. 

സ്വകാര്യ ക്ളിനിക്കുകളിൽ ചിലതെല്ലാം കോവിഡ് പ്രോട്ടോക്കോളുകൾ ശരിയായ രീതിയിൽ പാലിക്കാതെ പ്രവർത്തിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകൾ ശേഖരിക്കുന്ന കാര്യത്തിലും, തിരക്കുകൾ നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടാകരുത്. അത്തരത്തിലുള്ള പ്രവണതകളെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കർശനമായ നിയമനടപടികൾ അത്തരം സ്ഥാപനങ്ങൾ നേരിടേണ്ടി വരും. 

അവശ്യമായ ഡോക്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകേണ്ടത് അടിയന്തരമായതിനാൽ  സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും ഹൗസ് സർജൻസി കഴിഞ്ഞ് ഇറങ്ങിയവരിൽ നോൺ അക്കാഡമിക് ജെ.ആർ ആയി ചുമതലയേൽക്കാൻ നിർദ്ദേശം ലഭിച്ചവർ എത്രയും പെട്ടെന്ന് അത് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരെ നിയമിച്ചുകൊണ്ട് മെഡിക്കൽ കോളേജുകൾ ആ ഒഴിവുകൾ നികത്തണം.

ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയുന്നത് വ്യാപകമാണ്. ഇത് രോഗപ്പകർച്ചയ്ക്കു പുറമെ മാലിന്യ പ്രശ്നവും ഉണ്ടാക്കും. മാസ്കുകൾ ഉപയോഗത്തിന് ശേഷം നശിപ്പിക്കാൻ ശ്രദ്ധിക്കണം. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും  നിഷും ചേർന്ന് ശ്രവണ പരിമിതിയുള്ളവർക്കായി ഹെല്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കോൾ വഴിയാണ് ഈ ഹെല്പ് ലൈൻ. മാനസിക സമ്മർദം ലഘൂകരിക്കുന്നതിനുള്ള സഹായവും ഈ ഹെല്പ് ലൈനിൽ ലഭ്യമാണ്. ഹെല്പ് ലൈൻ നമ്പറുകൾ ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക്ഡൗൺ നടപ്പാക്കാൻ  പോലീസ് കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.  ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. ഇത് തുടരും. 

അടിയന്തിരഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുണ്ട്. വളരെ അത്യാവശ്യമുളളവർ മാത്രമേ ഓൺലൈൻ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്നുതന്നെ പാസ് ഡൗൺലോഡ് ചെയ്യാം. 

ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിൽസാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം  തിരിച്ചറിയൽ കാർഡ് കൂടി കരുതേണ്ടതാണ്.  വാക്സിനേഷന് പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാനായി തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതിയാകും.

ആവർത്തിച്ച് പറയാനുള്ള കാര്യം വാക്സിൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടാൻ പാടില്ല എന്നതാണ്.  നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി എടുക്കുന്നതാണ്. മരുന്നുകടകൾ, പലവ്യഞ്ജന കടകൾ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടി സ്വീകരിക്കണം. ഹോം ഡെലിവറി ശക്തിപ്പെടുത്തണം. വളരെ അത്യാവശ്യമായ ഘട്ടങ്ങളിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. പോലീസിന്റെ നിർദ്ദേശങ്ങൾ ഏവരും അനുസരിക്കേണ്ടതാണ്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 21,534 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മരുന്നും മറ്റ് അവശ്യ ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലെത്തുന്ന വസ്തുകൾക്ക് ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കും. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നും സമാഹരിക്കുവാനുള്ള ശ്രമം നോർക്ക റൂട്ട്സ് ആരംഭിച്ചിരിക്കുകയാണ്. ഈ ഉദ്യമത്തിൽ പങ്കു ചേരണമെന്ന് എല്ലാ പ്രവാസി സഹോദരങ്ങളോടും സംഘടനകളോടും അഭ്യർത്ഥിക്കുന്നു.


പല പ്രദേശങ്ങളിൽ  നിന്നും നമ്മെ സഹായിക്കാൻ നിരവധി പേർ വരുന്നുണ്ട്. വിദേശത്ത് നിന്നുള്ള കോവിഡുമായി ബന്ധപ്പെട്ട   സഹായങ്ങളുടെ ഏകോപനത്തിന്  3 ഐ. എ എസ് ഉദ്യേഗസ്ഥർ അടങ്ങിയ സ്‌പെഷ്യൽ സെൽ പ്രവർത്തിക്കും.  വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനായിരിക്കും ചുമതല. എസ്സ്. കാർത്തികേയൻ 9447711921

കൃഷ്ണ തേജ - 940098611 എന്നിവരാണ് മറ്റുള്ളവർ. 


ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600-ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്.കോവിഡ് -ന്റ ഒന്നാം വ്യാപന ഘട്ടത്തിൽ ബഹു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ബഹുഹൈക്കോടതി ശിക്ഷ തടവുകാർക്ക് പരോൾ, വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങൾക്ക് ഉത്തരവ് നൽകുകയും 1800-ഓളം തടവുകാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ന് സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജ് ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തി വരുന്നതായി അറിവുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാൽ 600-ലധികം വിചാരണ റിമാന്റ്തടവുകാർക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളിൽ രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews #covid #kerala

ഇന്ന് 41971 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 148546 പേരെ പരിശോധിച്ചു. അറുപത്തിനാല് പേർ മരണമടഞ്ഞു. 417101 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ലോ...    Read More on: http://360malayalam.com/single-post.php?nid=4258
ഇന്ന് 41971 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 148546 പേരെ പരിശോധിച്ചു. അറുപത്തിനാല് പേർ മരണമടഞ്ഞു. 417101 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ലോ...    Read More on: http://360malayalam.com/single-post.php?nid=4258
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാകുന്നു : മുഖ്യമന്ത്രി ഇന്ന് 41971 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 148546 പേരെ പരിശോധിച്ചു. അറുപത്തിനാല് പേർ മരണമടഞ്ഞു. 417101 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ലോക്ക് ഡൗൺ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാകുന്നുണ്ടെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ പൊതുവെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ട്. കോവിഡ് ആദ്യ തരംഗം ഉണ്ടായപ്പോൾ നിയന്ത്രിക്കാനും പ്രതിരോധിക്കാനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്