പൊന്നാനിയിൽ നെഞ്ചിടിപ്പോടെ സി പി ഐ

പൊന്നാനി: ഏറെ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ പൊന്നാനി നഗരസഭയിലെ ആറ് വാർഡുകളിൽ മത്സരിക്കാനിറങ്ങിയ സി.പി.ഐ വിമത ഭീതിയിൽ. സി.പി.ഐ മത്സരിക്കുന്ന 38ാം വാർഡിലും 46ാം വാർഡിലുമാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ വെല്ലുവിളി ഉയർത്തുന്നത്. 

മുപ്പത്തിയെട്ടാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അഫ്സൽ ഫബീസ് എസ്.എഫ്.ഐ നേതാവാണ്. വാർഡിലെ സി.പി.എം പ്രവർത്തകരുടെ പിന്തുണ അഫ്സലിനുണ്ട്. വീടുകൾ കയറിയുള്ള അഫ്സലിന്റെ പ്രചരണത്തിനൊപ്പം സി.പി.എം പ്രവർത്തകരാണുള്ളത്. സി.പി.എമ്മിന്റെ സിറ്റിംഗ് വാർഡായ മുപ്പത്തിയെട്ടാം വാർഡ് സി.പി.ഐക്ക് വിട്ടുനൽകിയ നടപടിയിൽ പ്രതിഷേധിച്ചാണ് അഫ്സലിനെ സ്ഥാനാർത്ഥിയാക്കി വിമത നീക്കത്തിനിറങ്ങിയിരിക്കുന്നത്.


മുപ്പത്തിയെട്ടാം വാർഡിനെ ചൊല്ലി ഇടതുമുന്നണിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വരെ തർക്കം നിലനിന്നിരുന്നു. ഈ വാർഡിനെ മാറ്റി നിറുത്തി അമ്പത് വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇടതു മുന്നണി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. സി.പി.ഐക്ക് നൽകിയ വാർഡാണെങ്കിലും ഇവിടെ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശമാണ് സി.പി.എം മുന്നോട്ടുവെച്ചത്. സി.പി.ഐക്ക് വാർഡ് വിട്ടുനൽകുന്നതിൽ വാർഡ് കമ്മിറ്റിക്കുള്ള എതിർപ്പായിരുന്നു പൊതു സ്വതന്ത്രനെന്ന നിർദ്ദേശത്തിലേക്കെത്തത്താൻ സി പി എം നേതൃത്വത്തെ നിർബന്ധിതമാക്കിയത്. പൊതു സ്വതന്ത്രനെന്ന നിർദ്ദേശം സി.പി.ഐ തള്ളിയതോടെ സി.പി.എമ്മിന് അയയേണ്ടി വന്നു. സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അഫ്സൽ ഫബീസ് രംഗത്തെത്തി. മുപ്പത്തിയെട്ടാം വാർഡിൽ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.മാജിദിനെയാണ് സി.പി.ഐ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർത്വത്തിൽ നിന്ന് മാജിദ് പൊടുന്നനെ പിൻമാറി. വിമത സ്ഥാനാർത്ഥിയുടെ രംഗപ്രവേശമാണ് മാജിദിന്റെ പിൻമാറ്റത്തിന് പിന്നിലെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.നാസറിനെ സ്ഥാനാർത്ഥിയാക്കി. സി.പി.ഐക്ക് തീരെ സ്വാധീനമില്ലാത്ത സി.പി.എമ്മിന്റെ സിറ്റിംഗ് വാർഡ് എന്തിന് വിട്ടു നൽകിയെന്ന ചോദ്യമാണ് നേതൃത്വത്തിനെതിരെ വിമതർ ഉയർത്തുന്നത്. വിമത സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാനുള്ള ശ്രമം സി.പി.എം നേതൃത്വം നടത്തിയില്ലെന്ന അടക്കം പറച്ചിൽ സി.പി.ഐ കേന്ദ്രങ്ങളിൽ നിന്നുണ്ട്.


46ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐക്ക് തലവേദനയാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. 2015ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ ഇവിടെ വിമതൻ രംഗത്തുണ്ടായിരുന്നു. അന്ന് വിമത ഭീഷണി മറികടന്ന് വിജയിച്ച സി.പി.ഐ സ്ഥാനാർത്ഥി എം.എ.ഹമീദ് ഇപ്പോൾ സി.പി.എമ്മിനൊപ്പമാണുള്ളത്. കഴിഞ്ഞ തവണ എട്ട് വാർഡുകളിലാണ് സി.പി.ഐ മത്സരിച്ചത്. മൂന്നിടത്ത് ജയിച്ചു. ഇത്തവണ ആറ് സീറ്റാണ് സി.പി.ഐക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ പ്രചരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 

 

 

റിപ്പോർട്ടർ: കെവി നദീര്‍ 

#360malayalam #360malayalamlive #latestnews

ഏറെ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ പൊന്നാനി നഗരസഭയിലെ ആറ് വാർഡുകളിൽ മത്സരിക്കാനിറങ്ങിയ സി.പി.ഐ വിമത ഭീതിയിൽ. സി.പി.ഐ മത്സര...    Read More on: http://360malayalam.com/single-post.php?nid=2640
ഏറെ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ പൊന്നാനി നഗരസഭയിലെ ആറ് വാർഡുകളിൽ മത്സരിക്കാനിറങ്ങിയ സി.പി.ഐ വിമത ഭീതിയിൽ. സി.പി.ഐ മത്സര...    Read More on: http://360malayalam.com/single-post.php?nid=2640
പൊന്നാനിയിൽ നെഞ്ചിടിപ്പോടെ സി പി ഐ ഏറെ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ പൊന്നാനി നഗരസഭയിലെ ആറ് വാർഡുകളിൽ മത്സരിക്കാനിറങ്ങിയ സി.പി.ഐ വിമത ഭീതിയിൽ. സി.പി.ഐ മത്സരിക്കുന്ന 38ാം വാർഡിലും 46ാം വാർഡിലുമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്