അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി രാജേഷ് - മുഖ്യമന്ത്രി

നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത  എം ബി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം. ബി. രാജേഷ് എന്നും ആര്‍ ശങ്കരനാരായണന്‍ തമ്പി മുതല്‍ക്കിങ്ങോട്ടുള്ള സ്പീക്കര്‍മാരുടെ നിരയില്‍ പ്രഗത്ഭരുടെ ശ്രദ്ധേയ സാന്നിദ്ധ്യമാണു നാം കാണുന്നത്. എല്ലാ അര്‍ത്ഥത്തിലും ആ നിരയ്ക്കു ചേരുന്ന  ഒരു  വ്യക്തിയെത്തന്നെ പതിനഞ്ചാം സഭയ്ക്കും സ്പീക്കറായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണിത്. സ്പീക്കര്‍ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.ബി. രാജേഷിനെ ഞാന്‍ സന്തോഷപൂര്‍വ്വം അഭിനന്ദിക്കുന്നു. സഭയുടെ ആഹ്ലാദകരമായ പൊതുമനോഭാവം ആത്മാര്‍ത്ഥമായി പങ്കിടുകയും ചെയ്യുന്നു.

ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുകയും ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള നിയമനിര്‍മാണങ്ങളില്‍ ഭാഗഭാക്കാവുകയും ചെയ്യുക എന്നതാണ് നിയമസഭാംഗങ്ങളുടെ കടമ. ജനാധിപത്യപരമായ ഈ കടമ അര്‍ത്ഥപൂര്‍ണമായി നിറവേറ്റാന്‍കഴിയുന്നതും ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ കഴിയുന്നതുമായ അന്തരീക്ഷം സഭയില്‍ സദാ നിലനില്‍ക്കേണ്ടതുണ്ട്. ഇതു നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വം സ്പീക്കറില്‍ നിക്ഷിപ്തമാണ്. ഈ ഉത്തരവാദിത്വം എല്ലാ അര്‍ത്ഥത്തിലും നിറവേറ്റാന്‍ പുതിയ നിയമസഭാ സ്പീക്കര്‍ക്കു കഴിയട്ടെ.


അദ്ദേഹത്തിന് അതു സാധ്യമാവുന്നതിനുള്ള എല്ലാ സഹകരണവും സഭാനേതാവ് എന്ന നിലയില്‍ ഈ പ്രാരംഭഘട്ടത്തില്‍ത്തന്നെ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സഭാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വ നിര്‍വഹണ ചുമതലകള്‍ പരിരക്ഷിക്കുന്നതിനും അങ്ങനെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ സ്പീക്കര്‍ക്കു കഴിയട്ടെ.


നമ്മുടെ ഭരണഘടന, സ്പീക്കറുടെ മുഖ്യ അധികാരാവകാശങ്ങളെ മാത്രമേ നിര്‍വചിച്ചിട്ടുള്ളു. വിശദമായ കാര്യങ്ങള്‍ റൂള്‍സ് ഓഫ് പ്രൊസിജ്വേഴ്‌സിലാണ് വിശദമാക്കപ്പെടുന്നത്. എന്നാല്‍, ഇവയെയെല്ലാം സമഗ്രമായി പ്രതിഫലിപ്പിക്കുന്ന ഒരു വിശേഷണം സഭാനടപടിക്രമങ്ങള്‍ സംബന്ധിച്ച അധികാരിക ഗ്രന്ഥമെഴുതിയ കൗള്‍ ആന്റ് ശക്ധര്‍ ദ്വയത്തിലെ വി. ആര്‍. ശക്ധര്‍ ഒരിക്കല്‍ സ്പീക്കര്‍ സ്ഥാനത്തിനു നല്‍കിയിട്ടുണ്ട്. അത് സഭയുടെ 'collective voice' ആണ് സ്പീക്കര്‍ എന്നതാണ്.


സഭയുടെ കൂട്ടായ, പൊതുവായ ശബ്ദമാണു സ്പീക്കറിലൂടെ മുഴങ്ങിക്കേള്‍ക്കേണ്ടത് എന്നാണ് ശക്ധര്‍ പറഞ്ഞത്. ആ നിലയ്ക്കുള്ള സഭയുടെ പൊതു ശബ്ദമായി മാറാന്‍ ശ്രീ. എം. ബി. രാജേഷിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ആ വിധത്തില്‍, കൗള്‍ ആന്റ് ശക്ധര്‍ വിഭാവനം ചെയ്ത വിധത്തില്‍, പ്രവര്‍ത്തിക്കാന്‍ സ്പീക്കര്‍ക്കു കഴിയണമെങ്കില്‍, അതിനനുഗുണമായ സഹകരണം ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് അദ്ദേഹത്തിനുണ്ടാവണം. അക്കാര്യം സഭയിലെ ഓരോ  അംഗത്തെയും ഓര്‍മ്മിപ്പിക്കാന്‍ കൂടി ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ആ വിധത്തിലുള്ള സഹകരണം ഉറപ്പാവുമ്പോള്‍ മാത്രമേ സ്പീക്കര്‍ക്ക് സഭയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂ.


എം. ബി. രാജേഷ് വിവിധങ്ങളായ തലങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവവും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിച്ചതിന്റെ അറിവും ഉള്ള വ്യക്തിയാണ്. ഇതു രണ്ടും സ്പീക്കര്‍ എന്ന നിലയില്‍ സൂക്ഷ്മമായി കാര്യങ്ങളെ സമീപിക്കാനും വിലയിരുത്താനും  അദ്ദേഹത്തെ സഹായിക്കും.


എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന തലത്തിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി ദേശീയ തലത്തിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവം. വിവിധങ്ങളായ സമര പരമ്പരകള്‍ക്കു നേതൃത്വം നല്‍കിയതിന്റെ അനുഭവം. പൊലീസ് മര്‍ദ്ദനത്തിന്റെ മുതല്‍ ജയില്‍വാസത്തിന്റെ വരെ അനുഭവം. ലോകസഭയിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അനുഭവം. പല പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം. ഇതെല്ലാം എം. ബി. രാജേഷിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.


അതേപോലെയാണ് അറിവിന്റെ കാര്യവും. ധനതത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും നിയമത്തില്‍ ബിരുദവുമുണ്ട്. പാലക്കാട്ട് അഭിഭാഷകനായി പ്രവര്‍ത്തിച്ച് ആര്‍ജിച്ച അനുഭവസമ്പത്തുണ്ട്. ജലന്ധറില്‍ ജനിച്ച രാജേഷിനു ഹിന്ദിഭാഷ അറിയാം. പാര്‍ലമെന്റില്‍ രാജേഷ് ഹിന്ദിയില്‍ നടത്തിയ പ്രസംഗം ശ്രദ്ധയാര്‍ജിച്ചിട്ടുണ്ട്.


ദേശീയ-മലയാളം ചാനലുകളിലെ സംവാദങ്ങളിലൂടെ നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും എം. ബി. രാജേഷ് ഇന്നു സുപരിചിതനാണ്. ഏത് ഗഹനമായ വിഷയവും ലളിതമായും യുക്തിസഹമായും ആഴത്തില്‍ പഠിച്ച് ചര്‍ച്ചകളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവരാലും പ്രശംസിക്കപ്പെട്ടതാണ്. ശക്തമായി വാദമുഖങ്ങള്‍ അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെയും മാന്യതയും പക്വതയും കൈവിടാതെയുമുള്ള അദ്ദേഹത്തിന്റെ  സംവാദഭാഷ എതിര്‍പക്ഷത്തുള്ളവരില്‍ പോലും മതിപ്പുളവാക്കുന്നു.


ആദ്യ തെരഞ്ഞെടുപ്പു വിജയം സ്‌കൂള്‍ ലീഡറായിട്ടായിരുന്നു. നിയമ വിദ്യാര്‍ത്ഥിയായിരിക്കേ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലിമെന്റിലേക്ക് പാലക്കാട് നിന്ന് ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചു. രണ്ടാമൂഴത്തില്‍ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.


പാര്‍ലമെന്റിലെ ഇടപെടലുകളിലൂടെ രാജേഷ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി എന്നീ പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് രാജേഷ്. 


ബ്രിട്ടനിലെ കവന്ററി യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിന്റെ ക്ഷണപ്രകാരം 2011 ലെ ലീഡര്‍ഷിപ്പ് ലക്ചര്‍ സീരീസില്‍ പ്രഭാഷണം നടത്താനുള്ള അവസരം രാജേഷിനുണ്ടായിട്ടുണ്ട്. ലണ്ടന്‍ കിങ്‌സ് കോളേജും ബ്രിട്ടീഷ് വിദേശകാര്യവകുപ്പും സംയുക്തമായി നടത്തിയ പരിപാടിയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ ഒരാള്‍ രാജേഷായിരുന്നു.


പരന്ന വായനയുള്ള രാജേഷ് എഴുത്തുകാരന്‍, പ്രഭാഷകന്‍, പരിഭാഷകന്‍ എന്നീ നിലകളിലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. പൗരത്വ നിയമം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ദശലക്ഷക്കണക്കിനാളുകളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളത്. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്, ജ്യോതി ബസു, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നീ ദേശീയ നേതാക്കളുടെ പ്രസംഗങ്ങളുടെ പരിഭാഷകനായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


2008 ലെ ലോക മത പാര്‍ലിമെന്റിന് മുന്നോടിയായി സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സംഘടിപ്പിച്ച ഉച്ചകോടിയില്‍ മതവും  രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്താനും അദ്ദേഹത്തിന് അവസരമുണ്ടായി. രാഷ്ട്രീയത്തിനു പുറമേ സാഹിത്യവും സ്‌പോര്‍ട്‌സും അദ്ദേഹത്തിന് ഇഷ്ടമേഖലകളാണ്. എം. ടിയുടേയും വി. കെ. എന്നിന്റേയും മറഡോണയുടേയുമൊക്കെ ആരാധകനാണ് രാജേഷ്. ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്റെ  വിഖ്യാത കവിത 'ഹം ദേഖേംഗേ' പൗരത്വ പ്രക്ഷോഭകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റിയത് രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകമായി കാണുന്നു എന്നതുകൊണ്ടാണ്.


'നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം?' എന്നതു മുതല്‍ 'വിരുദ്ധ ലോകങ്ങള്‍' വരെയായി നിരവധി കൃതികള്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയിട്ടുള്ള വ്യക്തികൂടിയാണ്. ഇങ്ങനെ ബഹുമുഖ വ്യക്തിത്വം എന്നു വിശേഷിപ്പിക്കേണ്ട എം. ബി.രാജേഷിന് ശ്രദ്ധേയമായ നിലയില്‍ സഭയെ നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

#360malayalam #360malayalamlive #latestnews #kerala #election #speaker

നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത എം ബി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക...    Read More on: http://360malayalam.com/single-post.php?nid=4498
നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത എം ബി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക...    Read More on: http://360malayalam.com/single-post.php?nid=4498
അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി രാജേഷ് - മുഖ്യമന്ത്രി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത എം ബി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്