ഹൈദരാബാദിൽ ബി ജെ പിയുടെ മിന്നും വിജയം; ലക്ഷ്യം തെലങ്കാന നിയമസഭ

ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടി ആർ എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കടുത്ത മത്സരത്തിനൊടുവിൽ ബി ജെ പി നേടിയത് മിന്നും വിജയം. ദേശീയ നേതാക്കളെ വരെ രംഗത്തിറക്കി രാജ്യത്ത് ഇതുവരെ നടന്ന ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും നൽകാത്ത ശ്രദ്ധയാണ് ബി ജെ പി ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് നൽകിയത്. ബി ജെ പിയുടെ വൻ മുന്നേറ്റം തിരഞ്ഞെടുപ്പിൽ ടി ആർ എസ് വിജയത്തിന്റെ ശോഭ കെടുത്തി. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മുമായി നടത്തിയ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസ് 2016ലെ തിരഞ്ഞെടുപ്പിൽ നിന്ന് 40 ശതമാനം ഇടിവാണ് വോട്ട് ശതമാനത്തിൽ രേഖപ്പെടുത്തിയത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പ് ഫലം 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുളള ചൂണ്ടുപലകയായി മാറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന 150 വാർഡുകളിൽ 55 എണ്ണം ടി ആർ എസ് നേടി. ബി ജെ പിക്ക് 48 വാർഡുകളും അസദുദ്ദീൻ ഒവൈസിയുടെ എ ഐ ഐ എമ്മിന് 44 വാർഡുകളും ലഭിച്ചു. കോൺഗ്രസിന് രണ്ട് വാർഡുകൾ മാത്രമേ നേടാനായുളളൂ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒരു വാർഡിൽ വോട്ടെണ്ണൽ നിർത്തിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി ആർ എസ് 99 സീറ്റുകളും ഒവൈസിയുടെ പാർട്ടി 44 സീറ്റുകളും ബി ജെ പി നാല് സീറ്റുകളുമാണ് നേടിയത്. നിയമസഭ തിരഞ്ഞെടുപ്പ് ടി ആർ‌ എസും ബി ജെ പിയും തമ്മിലുളള നേരിട്ടുളള പോരാട്ടമാകുമെന്നും കോൺഗ്രസ് ചിത്രത്തിൽ ഉണ്ടാകില്ലെന്നുമാണ് ബി ജെ പി നേതാക്കൾ പറയുന്നത്.


'ഫലം ഞങ്ങൾ പ്രതീക്ഷിച്ചതല്ല. പ്രതീക്ഷിച്ചതിനെക്കാൾ 20 മുതൽ 25 സീറ്റുകൾ വരെ ഞങ്ങൾക്ക് കുറഞ്ഞു. 10-12 സീറ്റുകളിൽ 200 ൽ താഴെ വോട്ടുകൾക്കാണ് ഭൂരിപക്ഷം. നിരാശപ്പെടേണ്ട കാര്യമില്ല, ഞങ്ങൾ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കും' എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചന്ദ്രശേഖര റാവുവിന്റെ പ്രതികരണം. കൂടുതൽ സീറ്റുകൾ നേടിയെങ്കിലും ബി ജെ പിയുടെ നേട്ടം പരോക്ഷമായെങ്കിലും സമ്മതിക്കുകയാണ് ചന്ദ്രശേഖര റാവുവും ചെയ്‌തത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ഹൈദരാബാദ് ജനത വ്യക്തമാക്കിയതായി ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. അഴിമതിക്കാരായ കെ സി ആർ സർക്കാരിനോട് വിട പറയാൻ തെലങ്കാനയിലെ ജനങ്ങൾ തീരുമാനിച്ചതായി തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പ്രാദേശിക കാര്യങ്ങളെക്കാൾ ദേശീയ രാഷ്ട്രീയം ഉയർത്തികൊണ്ടു വരാൻ ബി ജെ പി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദേശീയ നേതാക്കളായ അമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ്, പ്രകാശ് ജാവദേക്കർ, സ്‌മൃതി ഇറാനി എന്നിവർ ഒരു മാറ്റം ആവശ്യമാണെന്ന് ഹൈദരാബാദിലെ ജനങ്ങളെ തിരഞ്ഞെടുപ്പ് റാലികളിൽ നിരന്തരം ഓർമ്മപ്പെടുത്തി.


ഹൈദരാബാദിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നാണ് ബി ജെ പി പ്രധാനമായും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയത്. വെളളപ്പൊക്ക ദുരിതാശ്വാസത്തെ ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ഉയർന്നിരുന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താൻ ബി ജെ പി തിരഞ്ഞെടുപ്പിൽ ഉടനീളം ശ്രദ്ധിച്ചിരുന്നു. ടി ആർ എസിനോട് ആഭിമുഖ്യം പുലർത്തുന്ന സമുദായങ്ങൾക്കിടയിലും അവരോട് അതൃപ്‌തിയുളളവർക്കിടയിലേക്കും ബി ജെ പി ശക്തമായ പ്രചാരണം നടത്തി. ഇത് തിരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിച്ചുവെന്നാണ് ബി ജെ പി നേതാക്കൾ കണക്കുകൂട്ടുന്നത്.

കർണാടക കഴിഞ്ഞാൽ മറ്റുളള ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ കാര്യമായ വേരുറപ്പിക്കാൻ ബി ജെ പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേരളവും തമിഴ്നാടും അടക്കമുളള സംസ്ഥാനങ്ങൾ യു പി എയ്‌ക്ക് വേരോട്ടമുളള പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ അടുത്ത താമര തെലങ്കാനയിൽ വിരിയിപ്പിക്കാനുളള ശ്രമത്തിലാണ് ബി ജെ പി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതിനുളള ആദ്യസൂചനയുമായി.

#360malayalam #360malayalamlive #latestnews

ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടി ആർ എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കടുത്ത മത്സരത്തിനൊടുവിൽ ബി ...    Read More on: http://360malayalam.com/single-post.php?nid=2854
ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടി ആർ എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കടുത്ത മത്സരത്തിനൊടുവിൽ ബി ...    Read More on: http://360malayalam.com/single-post.php?nid=2854
ഹൈദരാബാദിൽ ബി ജെ പിയുടെ മിന്നും വിജയം; ലക്ഷ്യം തെലങ്കാന നിയമസഭ ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടി ആർ എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കടുത്ത മത്സരത്തിനൊടുവിൽ ബി ജെ പി നേടിയത് മിന്നും വിജയം. ദേശീയ നേതാക്കളെ വരെ രംഗത്തിറക്കി രാജ്യത്ത് ഇതുവരെ നടന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്